lalithambika

കാഞ്ഞിരപ്പള്ളി: കങ്ങഴയിൽ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന് 50 കോടി രൂപ അനുവദിച്ചു. 201617ലെ പുതുക്കിയ ബഡ്ജറ്റിലാണ് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുതിനായി പ്രഖ്യാപനമുണ്ടായത്. ഇതേത്തുടർന്ന് പദ്ധതിക്ക് ആവശ്യമായ 5 ഏക്കർ സ്ഥലം കണ്ടെത്തി വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ വിവിധ സ്ഥലങ്ങൾ പരിശോധിച്ച ശേഷമാണ് കങ്ങഴ തെരഞ്ഞെടുക്കപ്പെട്ടത്. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ വിദേശികളും സ്വദേശികളുമടക്കം നിരവധി ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന കേന്ദ്രമായി കങ്ങഴ മാറും. വെള്ളാവൂരിൽ എം.എൽ. എ. ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയായ ഫോക് വില്ലേജ് ഇതിന്റെ സാറ്റലൈറ്റ് കേന്ദ്രമാവുകയും ചെയ്യും. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യത ഇതോടെ ലോകമറിയും. നിർദിഷ്ട എരുമേലി വിമാനത്താവളം സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കും.

വിഭാവനം ചെയ്യുന്നത് വിപുലമായ സജ്ജീകരണങ്ങൾ


നാടകശാല ആധുനിക നിലവാരത്തിലുള്ള സിനിമാ തിയേറ്റർ സംഗീതശാല ഓപ്പറ ഹൗസ് ആർട്ട് ഗാലറി പുസ്തക കടകൾ ചെറുതും വലുതുമായ സെമിനാർ ഹാളുകൾ ശിൽപികൾക്കും കരകൗശലവിദഗ്ദ്ധർക്കും പരിശീലനസൗകര്യം പണിശാല നാടക റിഹേഴ്‌സൽ സൗകര്യം കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും ഹ്രസ്വകാല താമസ സൗകര്യങ്ങൾ


ലളിതാംബിക അന്തർജനത്തിന്റെ പേരിൽ

പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജനത്തിന്റെ പേരിലാണ് കങ്ങഴയിലെ സാസ്‌കാരിക സമുച്ചയം . ഒരു ജില്ലയിൽ ഒന്നുവീതം സംസ്ഥാനത്ത് ഇതുവരെ അനുമതി ലഭിച്ച 5 എണ്ണത്തിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്ഥാപിക്കുന്നത്.


പദ്ധതിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠനം ആരംഭിച്ചുകഴിഞ്ഞു. റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായാലുടൻ സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികൾ ആരംഭിക്കും.

ഡോ.എൻ. ജയരാജ് എം.എൽ.എ.