ചിറക്കടവ് : മന്ദിരം ഭാഗത്ത് മൂത്തേരിക്കന്നേൽ എം.എൻ.സോമന്റെ വീടിരിക്കുന്ന പറമ്പിന്റെ അതിരിൽ നെടുനീളം അയൽവാസി ഇരുമ്പുമറ സ്ഥാപിച്ച് ഒറ്റപ്പെടുത്തിയതായി പരാതി. നേരത്തെ സോമൻ തന്റെ സ്ഥലം നൽകി അതിരിലൂടെ റോഡ് നിർമ്മിച്ചിരുന്നു. പിന്നീട് റോഡുൾപ്പെടെ സമീപത്ത് സ്ഥലം വാങ്ങിയ വ്യക്തിയാണ് ഇരുമ്പുമറ സ്ഥാപിച്ചതെന്നാണ് പരാതി. തങ്ങളുടെ പറമ്പിൽ നിന്ന് ഈ റോഡിലൂടെ സമീപത്തെ കിണറിൽ നിന്ന് വെള്ളമെടുക്കാൻ പോകാറുണ്ടായിരുന്നുവെന്നും ഇത് തടസ്സപ്പെടുത്തിയാണിപ്പോൾ ഇരുമ്പുതകിട് കൊണ്ട് മറച്ചതെന്നും സോമൻ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവി, കളക്ടർ, ആർ.ഡി.ഒ, ചിറക്കടവ് പഞ്ചായത്ത്, പട്ടികജാതി വകുപ്പ്, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. സോമനും കുടുംബത്തിനും ജാതിഭ്രഷ്ട് കൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ദേവജനസമാജം, ഡി.സി.യു.എഫ് എന്നീ സംഘടനകളും ആവശ്യപ്പെട്ടു. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ജനാധിപത്യപരമായ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ പ്രഭുരാജ് തിരുമേനി, പി.കെ.വിജയൻ കൊടികുത്തി, ഷൈജു പൊൻകുന്നം എന്നിവർ അറിയിച്ചു.
അന്വേഷിച്ചെന്ന് പഞ്ചായത്തംഗം
സോമന്റെ പരാതിപ്രകാരം സ്ഥലത്തെത്തി അന്വേഷിച്ചുവെന്ന് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ പറഞ്ഞു. എതിർകക്ഷിയുമായും സംസാരിച്ചു. വിധവയായ അവർ തന്റെ ജീവനും സ്വത്തിനും സുരക്ഷയ്ക്കായി സ്വന്തം പറമ്പിലാണ് മറ നിർമ്മിച്ചതെന്നും നീക്കം ചെയ്യില്ലെന്നും അറിയിച്ചതിനാൽ പ്രശ്‌ന പരിഹാരമുണ്ടാക്കാനായില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.