അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ആറ് കിടപ്പുരോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ ഒമ്പത് പേർക്കായിരുന്നു തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ പുരുഷവാർഡിൽ കഴിഞ്ഞിരുന്നവരായിരുന്നു ഇവർ. രോഗലക്ഷണം പ്രകടമായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വന്നിരുന്ന ഒരാളെ പരിശോധനക്ക് വിധേയമാക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വാർഡിലുണ്ടായിരുന്ന 12 പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പുരുഷവാർഡ് അണുവിമുക്തമാക്കി താത്കാലികമായി അടച്ചു. ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററും ഒരു ദിവസത്തേക്ക് അടച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെ ഇരുമ്പുപാലത്തെ കൊവിഡ് സെന്ററിലും മൂന്ന് പേരെ തൊടുപുഴയിലും മൂന്ന് പേരെ ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സക്കായി പ്രവേശിപ്പിച്ചു. വാർഡിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകി. ചികിത്സയിൽ കഴിഞ്ഞ് വന്നിരുന്ന മറ്റ് രോഗികളേയും ചൊവ്വാഴ്ച ആന്റിജൻ പരിശോധനക്ക് വിധേയരാക്കി. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ ജാഗ്രത പാലിക്കണമെന്നും ആശുപത്രി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.പ്രസീത അഭ്യർത്ഥിച്ചു.