അടിമാലി: അടിമാലി പഞ്ചായത്ത് പരിധിയിൽ കൊവിഡ് പരിശോധന വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഈ മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എല്ലാ വെള്ളിയാഴ്ചകളിലും അടിമാലി പഞ്ചായത്ത് ടൗൺ ഹാളിലും ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധന നടത്തും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളോട് ആളുകൾ സഹകരിക്കണമെന്ന് ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സുചിത്രാ എസ്. അഭ്യർത്ഥിച്ചു. ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങളുമായി ആളുകൾ വീടുകളിൽ കഴിയുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമം നടത്തുന്നത്. കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത മച്ചിപ്ലാവിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിൽ വരുന്ന വെള്ളിയാഴ്ച ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തും. നിലവിൽ പഞ്ചായത്ത് പരിധിയിൽ വരുന്ന 18, 19, 21 വാർഡുകളിലെ ചില ഭാഗങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോണായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.