sukumarannair

ചങ്ങനാശേരി: മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ലെന്ന പി.എസ്.സി തീരുമാനം, സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞു. ജനുവരി ഒന്നു മുതൽ മുന്നാക്ക സംവരണം നടപ്പാക്കുമെന്നായിരുന്നു ഉത്തരവ്. എന്നാൽ,​ നിയമഭേദഗതി നിലവിൽ വന്ന ഒക്ടോബർ 23ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞിട്ടില്ലാത്ത തസ്തികകൾക്കും തുടർന്നുള്ള വിജ്ഞാപനങ്ങൾക്കും മാത്രം സംവരണം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക നിയമനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ 2006 ഫെബ്രുവരി രണ്ടു മുതലാണ് നടപ്പാക്കിയത്. വികലാംഗ വിഭാഗത്തിനുള്ള സംവരണ ടേണുകൾ മാറ്റി നിശ്ചയിച്ചപ്പോഴും സർക്കാർ നിശ്ചയിച്ച തീയതിയിൽ മുൻകാല പ്രാബല്യത്തോടെ പി.എസ്.സി നടപ്പാക്കി. മുന്നാക്ക സംവരണം ജനുവരിയിൽ അനുവദിച്ചിട്ടും ഇത്രയുംകാലം തട്ടിക്കളിച്ചതിനുശേഷം അത് നിഷേധിക്കാനും നീട്ടിവയ്ക്കാനുമാണ് ഇപ്പോഴും ശ്രമിക്കുന്നത്. കെ.എ.എസ് അടക്കമുള്ള നിരവധി സെലക്ഷനുകളിൽ മുന്നാക്ക സംവരണം ഒഴിവാക്കാനുള്ള ആസൂത്രിത നടപടികൂടിയാണിത്. ദൈവം കനി‌ഞ്ഞാലും പൂജാരി കനിയില്ലെന്ന നിലപാടാണ് പി.എസ്.സിക്കെന്നും അദ്ദേഹം ആരോപിച്ചു.