ചങ്ങനാശേരി : കൊവിഡ് ലക്ഷണങ്ങളോടെ വീട്ടിൽ അവശനിലയിൽ കഴിഞ്ഞ വെട്ടിത്തുരുത്ത് സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി യൂത്ത് കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എ. സജ്ജാദ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവ് വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. രാവിലെ മുതൽ പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് അടുത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് അവശനിലയിൽ ആണെന്ന് അറിയുന്നത്. തുടർന്ന് ആരോഗ്യ വകുപ്പിൽ അറിയിച്ചു. സ്വകാര്യ ആംബുലൻസ് എത്തിയെങ്കിലും കൊവിഡ് ലക്ഷണങ്ങൾ ഉള്ളതിനാലും അവശനിലയിൽ ആയതിനാലും സഹായി ഇല്ലാതെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി പോയി. വിവരമറിഞ്ഞ് എത്തിയ സജ്ജാദ് പി.പി.ഇ കിറ്റ് ധരിച്ച് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.