കട്ടപ്പന: ഒരു പതിറ്റാണ്ടിലധികമായി തകർന്നുകിടക്കുന്ന നിർമലാസിറ്റി മിൽമ പ്ലാന്റ് -വാഴവര റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. പന്ത്രണ്ട് വർഷം മുമ്പ് നിർമിച്ച പാതയുടെ വിവിധ ഭാഗങ്ങൾ പൂർണമായി തകർന്ന് കിടക്കുകയാണ്അറ്റകുറ്റപ്പണി നടത്താത്തതിനാൽ വാഹന ഗതാഗതം ദുഷ്‌കരമായി മാറി. ടാറിംഗ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകടങ്ങൾ പതിവായി. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽ പതിച്ച ജീപ്പ് മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചു. ജീപ്പ് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. റോഡിന്റെ പല ഭാഗങ്ങളും ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. മിൽമ ചില്ലിംഗ് പ്ലാന്റിലേക്കു പാൽ കയറ്റിവരുന്ന ടാങ്കറുകളും തകർന്ന റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം പലദിവസങ്ങളിലും വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.