mbbs

കോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറിയും തിരുവല്ല സ്വദേശിയുമായ ബിനു ചാക്കോയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവാതുക്കലിൽ താമസിക്കുന്ന കൊല്ലം സ്വദേശി നൗഷാദിന്റെ മകൾക്ക് ചെന്നൈയിൽ എം.ബി.ബി.എസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തെന്നാണ് കേസ്. നിരവധി തവണ ബിനു ചാക്കോയെ നൗഷാദ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും അഡ്മിഷൻ വാങ്ങിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന് പരാതി നൽകിയത്. ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്ത ബിനുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബിനു ചാക്കോക്കെതിരെ നേരത്തെ കേസുണ്ട്.