kumarakom

കുമരകം : ക്ഷയരോഗമുക്തി ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന "എന്റെ ക്ഷയരോഗമുക്ത കേരളം " എന്ന പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള 'അക്ഷയ കേരളം പുരസ്‌കാരം" കുമരകം ഗ്രാമപഞ്ചായത്തിന് സമ്മാനിച്ചു. സി.എച്ച്.സി മെഡിക്കലോഫീസർ ഡോ.പി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ ഏറ്റുവാങ്ങി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിയ്ക്കുന്നതിന്റെ ഭാഗമായി അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന ക്ഷയരോഗ ബാധയും, ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം ഇല്ലെന്ന് ഉറപ്പാക്കുകയും ചികിത്സിച്ച് രോഗം ഭേദമാക്കുകയും അതുവഴി രോഗവ്യാപനം തടയുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രി ജീവനക്കാരുടെയും ആശാവർക്കർമാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായപ്രവർത്തനമാണ് പുരസ്‌കാരം നേടിയെടുക്കുന്നതിന് സഹായകമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.