police

കോട്ടയം: വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജില്ലാ പൊലീസ് മേധാവി അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്‌ജ് ഒഫ് ഒാണർ .

ജില്ലാ പൊലിസ് മേധാവി ജി. ജയദേവ് , കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ, മുൻ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ് പ്രദീപ് കുമാർ, സബ് ഇൻസ്‌പെക്ടർ വി.എസ് ഷിബുക്കുട്ടൻ, അസി. സബ് ഇൻസ്‌പെക്‌ടർ പി.എൻ മനോജ് , സീനിയർ സിവിൽ പൊലിസ് ഓഫീസർ അഭിലാഷ് , ഡിവൈ.എസ്.പി ഓഫീസിലെ അസി.സബ് ഇൻസ്‌പെക്‌ടർ അരുൺ കുമാർ കെ.ആർ എന്നിവർക്കാണ് ബഹുമതി.

ക്യുആർ കോഡ‌ിന് പുരസ്‌കാരം

പൊലിസ് സ്റ്റേഷനുകളിൽ കേസുകളുമായി ബന്ധപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതലുകൾ ക്യൂ ആർ കോഡ് വഴി സ്‌കാൻ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയ പദ്ധതിയ്‌ക്കാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പുരസ്കാരം ലഭിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് ''സ്മാർട്ട് തൊണ്ടി റൂംസ്'' എന്ന പേരിൽ സംവിധാനം ഒരുക്കിയത്.

ലക്ഷ്യ കൊലക്കേസ് അന്വേഷണം

2019 ഏപ്രിലിൽ കോട്ടയം നഗരമദ്ധ്യത്തിൽ ടി.ബി റോഡിലെ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണ് എന്നു തിരിച്ചറിഞ്ഞതിനും പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്‌ത അന്വേഷണ മികവിനുമാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനും എസ്.എച്ച്.ഒ അരുണിനും എസ്.ഐ വി.എസ് ഷിബുക്കുട്ടനും എ.എസ്.ഐ പി എന്‍ മനോജിനും എസ്.സി.പി.ഒ അഭിലാഷിനും ബഹുമതി ലഭിച്ചത്. മരിച്ചത് ആരെന്നോ കൊന്നത് ആരെന്നോ അറിയാതെ പൊലീസിനെ കുഴക്കിയ കേസിൽ അയ്യായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുകയും അതിലേറെ ഫോൺ നമ്പരുകളും അഞ്ഞൂറോളം സി.സി. ടി.വി ക്യാമറകളും പരിശോധിച്ചുമാണ് കേസ് തെളിയിച്ചത്.

ഗുരുകുലത്തിനും പുരസ്‌കാരം

ഓപ്പറേഷൻ ഗുരുകുലത്തിന്റെ മികവുറ്റ നടത്തിപ്പിനാണ് ഡിവൈ.എസ്.പി ഓഫീസിലെ എ.എസ്.ഐ കെ.ആർ അരുൺകുമാറിന് ബഹുമതി. 2013 ൽ തുടങ്ങിയ ഈ പദ്ധതി വഴി ഏകദേശം 2000 കുട്ടികളെയും കുടുംബങ്ങളെയും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗത്തിൽ നിന്നും രക്ഷപ്പെടുത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റു വേദികൾ എന്നിവിടങ്ങളിൽ ആയിരത്തിലധികം ബോധവത്ക്കരണ ക്ലാസുകളും അരുൺ കുമാർ നടത്തിയിട്ടുണ്ട്.