കോട്ടയം: കൊവിഡ് ഭീതിയിൽ നിശ്ചലമായ ടൂറിസം മേഖല മെല്ലെ ഉണരുന്നു. നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഏഴു മാസമായി കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടുകൾ ഓളപ്പരപ്പിലേക്ക് ഇറങ്ങിത്തുടങ്ങി. ഇന്നലെ 14 ഹൗസ് ബോട്ടുകൾ ടെർമിനൽ വിട്ട് വേമ്പനാട്ടുകായലിൽ പ്രത്യക്ഷപ്പെട്ടു.
പൂജ അവധിയിലാണ് സഞ്ചാരികൾ കുമരകത്ത് എത്തിത്തുടങ്ങിയത്. എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിരലിൽ എണ്ണാവുന്നത്ര വിനോദയാത്രികരെ എത്തിയിട്ടുള്ളൂ. വിദേശികളും ഉത്തരേന്ത്യൻ സന്ദർശകരും കുമരകത്തേക്ക് എത്തിനോക്കുന്നേയില്ല. വരും ദിവസങ്ങളിൽ അവരും വരുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് ഉടമകളും ഹോട്ടലുകാരും. എന്നാൽ, വിദേശ ടൂറിസ്റ്റുകൾ എത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.
ഹൗസ് ബോട്ടുകൾക്ക് ബുക്കിംഗ് നടക്കുന്നുണ്ടെങ്കിലും സ്റ്റാർ ഹോട്ടലുകളിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. കാര്യമായ അന്വേഷണങ്ങളും നടക്കുന്നില്ലെന്ന് ഹോട്ടലുകാർ വ്യക്തമാക്കുന്നു. ചെറുതും വലുതുമായ 25ലധികം ഹോട്ടലുകളാണ് കുമരകം മേഖലയിലുള്ളത്. നൂറോളം ഹൗസ് ബോട്ടുകളാണുള്ളത്. പൂജ അവധിക്കാലത്ത് എട്ട് ഹൗസ് ബോട്ടുകൾ കായലിൽ സന്ദർശകരെയും കൊണ്ട് എത്തിയിരുന്നു. അതു കഴിഞ്ഞ് ഓരോ ദിവസവും നില മെച്ചപ്പെട്ട് വരികയാണ്. ഇന്നലെ 14 ബോട്ടുകൾ സന്ദർശകരെയും കൊണ്ട് ഓളപ്പരപ്പിലെത്തി. ഒന്നും രണ്ടും കുടുംബങ്ങൾ ഒന്നിച്ചാണ് എത്തുന്നത്.
പഴയ നിരക്കിലാണ് ഹൗസ് ബോട്ടുകാർ സർവീസ് നടത്തുന്നത്. സാദാ ഹൗസ് ബോട്ടിന് ഒരു പകൽ കായലിൽ ചുറ്റുന്നതിന് 6,000 രൂപയാണ് വാങ്ങുന്നത്. ഭക്ഷണത്തിന് വേറെ തുക നല്കണം. ഉച്ചക്ക് കരിമീനും ചിക്കനും ഉൾപ്പെടെ ഒരു പ്ലേറ്റിന് 400 രൂപയാണ് വാങ്ങുന്നത്. രാത്രിയും പകലും വേമ്പനാട്ടുകായലിൽ തങ്ങണമെങ്കിൽ ഒരു റൂം മാത്രമുള്ള ഹൗസ് ബോട്ടിന് 6,500 രൂപയാണ് ഫീസ്. രണ്ട് ബഡ് റൂമോടുകൂടിയ ഹൗസ് ബോട്ടിന് 9,000 രൂപയും 3 ബെഡ് റൂമുള്ള ഹൗസ് ബോട്ടിന് 12,000 രൂപയുമാണ് ചാർജ്ജ്. കേരളത്തിലുള്ളവർ മാത്രമാണ് ഇപ്പോൾ കുമരകത്തേക്ക് വരുന്നതെന്നാണ് ഹൗസ് ബോട്ട് ഉടമകൾ പറയുന്നത്. ഹൗസ് ബോട്ടുകളുടെ വിവരങ്ങൾ തേടി കൂടുതൽ വിളികളെത്തുന്നുണ്ട്. ഒപ്പം ചെറിയതോതിൽ ബുക്കിംഗും നടക്കുന്നുണ്ട്.
ആലപ്പുഴ മേഖലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകളുള്ളത്, 775 എണ്ണം. എന്നാൽ രജിസ്റ്റർ ചെയ്യാത്ത ഹൗസ് ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. ഒരു ഹൗസ്ബോട്ട് പണിത് നീറ്റിലിറക്കണമെങ്കിൽ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ചിലവാകുമെന്നും ഏഴു മാസം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് ഈ മേഖലയിൽ സംഭവിച്ചിട്ടുള്ളതെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു.