mulakaramedu

കട്ടപ്പന: മുളകരമേട് മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കർഷകരുടെ ഉറക്കം കെടുത്തുന്നു. രണ്ടുവർഷത്തിലധികമായി വനാതിർത്തിയോടു ചേർന്നുള്ള പുരയിടങ്ങളിൽ സ്വര്യവിഹാരം നടത്തുകയാണ് കാട്ടുപന്നികൾ. രാപകൽ വ്യത്യാസമില്ലാതെ കൂട്ടമായി എത്തി കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചിൽ എന്നിവയ്ക്ക് പുറമേ ഏലച്ചെടികളും കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവായി. കഴിഞ്ഞദിവസങ്ങളിൽ ഏക്കറുകണക്കിന് സ്ഥലത്തെ കപ്പക്കൃഷി പന്നിക്കൂട്ടം നാമാവശേഷമാക്കി. പ്രദേശത്തെ വഴിവിളക്കുകൾ തകരാറിലായതോടെ രാത്രികാലങ്ങളിൽ ഇവറ്റകളുടെ ശല്യം വർദ്ധിച്ചു. വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. കാട്ടുപന്നി ശല്യത്തിൽ നിന്നു സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകണമെന്നും പ്രദേശത്തെ വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മുളകരമേട്ടിൽ കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ച കപ്പത്തണ്ടുമായി കർഷകർ.