കരൂരിൽ അപകടസാധ്യതയുയർത്തി 17 മരങ്ങൾ

പാലാ: എന്തിന് ഒരു ദുരന്തമുണ്ടാകാൻ കാത്തുനിൽക്കണം. കരൂരുകാരുടെ ആശങ്കയിൽ കാര്യമുണ്ട്. കരൂർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി അപകടഭീഷണിയായി തലയുയർത്തിനിൽക്കുന്നത് 17 മരങ്ങളാണ്. പക്ഷേ പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അങ്കണവാടി ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ അങ്കണത്തിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി ജനങ്ങളുടെ ജീവൻകാത്ത് രക്ഷിക്കാൻ അധികൃതർക്കാവട്ടെ താത്പര്യവുമില്ലതാനും.

നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് മരങ്ങൾ വെട്ടിമാറ്റുന്നതിന് പഞ്ചായത്ത് സെക്രട്ടറി ജില്ലാ വനംവകുപ്പ് അധികാരികൾക്ക് അപേക്ഷ നൽകിട്ടും ഫലമുണ്ടായിട്ടില്ല.വലവൂരിലുള്ള സ്റ്റേഡിയത്തിന് സമീപം ചുവടു ദ്രവിച്ചു നിൽക്കുന്ന ഭീമരം ഏതു നിമിഷവും നിലംപതിക്കാം എന്നതാണ് അവസ്ഥ. സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള പോസ്റ്റ്ഓഫീസിലേക്കും മൃഗാശുപത്രിലേക്കും സ്റ്റേഡിയത്തിൽ എത്തുന്നവർക്കും മരം ഭീഷണി ഉയർത്തുന്നുണ്ട്.

ദേ ആ 17 മരങ്ങൾ

കുടക്കച്ചിറ പറയാനി സ്‌കൂൾ അങ്കണത്തിലുള്ള മൂന്നു മരങ്ങൾ, നെച്ചിപ്പുഴൂർ 36ാം നമ്പർ അങ്കണവാടി അങ്കണത്തിലുള്ള മരം,വഞ്ചിപ്പാലം പറയാനി റോഡിൽ വീടിന് ഭീഷണിയായി നിൽക്കുന്ന തോടിന്റെ അരികിലുള്ള മരം,വലവൂർ പി.എച്ച്.സി അങ്കണത്തിലുള്ള മരങ്ങൾ, നെച്ചിപ്പുഴൂർ വായനശാല കാരിക്കുഴി ചെക്ക് ഡാമിനു സമീപത്തുള്ള മരങ്ങൾ,അന്ത്യാളം പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപമുള്ള രണ്ടു മരങ്ങൾ,ചിറ്റാറിൽ പുറമ്പോക്കിൽ നിൽക്കുന്ന മരം ഉൾപ്പെടെ 17 മരങ്ങളാണ് ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്നത്.

അനുമതി വേണം

അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ കാലാതാമസം കുടാതെ നീക്കംചെയ്യണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെങ്കിലും വലിയ മരങ്ങളായതിനാൽ ജില്ലാ ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി വേണം.അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പാലാ പൗരസമിതി പ്രസിഡന്റ് പി. പോത്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും പോത്തൻ പറഞ്ഞു.