hassan

കട്ടപ്പന: മോഹവാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഇടതുസർക്കാർ ഇടുക്കിയിലെ കുടിയേറ്റ കർഷകരെ കൈയേറ്റക്കാരാക്കി ചിത്രീകരിക്കുന്ന ഉത്തരവാണ് ഇറക്കിയതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. ഡീൻ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദ്രോഹ നടപടികളിൽ തുടർക്കഥ പോലെ കർഷകർക്ക് എതിരായി സുപ്രീംകോടതിയിൽ വരെ പോയ സർക്കാരിന്റെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിപതിവ് ചട്ട ഭേദഗതി ആവശ്യപ്പെട്ടുള്ള നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നാലാം ദിവസത്തെ സമരം ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.
എം.പിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗങ്ങൾ സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ചു. സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂരിലെ ജിഷയുടെ പേരിൽ കണ്ണുനീർ പൊഴിച്ച് വോട്ടാക്കി മാറ്റി അധികാരത്തിലെത്തിയപ്പോൾ പാലത്തായിലും വാളയാറിലും കട്ടപ്പനയിലെ നരിയംപാറയിലും കമ്യൂണിസ്റ്റ് പീഡകരുടെ കഥ പുറത്തുവന്നിരിക്കുകയാണ്. പൊലീസ് കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണെന്നും ലതിക സുഭാഷ് പറഞ്ഞു.
എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി, നേതാക്കളായ എം.എൻ. ഗോപി, തോമസ് രാജൻ, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, ജോണി ചീരാംകന്നേൽ, അഡ്വ. സിറിയക് തോമസ്, കെ.എം.എ. ഷുക്കൂർ, എം.ഡി. അർജുനൻ, കെ.ബി. സെൽവം, ജയ്‌സൺ കെ.ആന്റണി, മഹിള കോൺഗ്രസ് ഭാരവാഹികളായ ഇന്ദു സുധാകരൻ, മഞ്ജു ജിൻസ്, ആൻസി തോമസ്, ശശികല രാജു, ആൻസി ജെയിംസ്, ഷൈബി ജിജി, വത്സമ്മ ജോസ്, സുനിത തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.