ചങ്ങനാശേരി: ശബരിമലയിൽ മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് നെയ്യഭിഷേകത്തിനും ആചാരപരമായ മറ്റു വഴിപാടുകൾക്കും അനുമതി നിഷേധിച്ചിരിക്കുന്നത് ഭക്തരോട് കാണിക്കുന്ന വിവേചനമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അയ്യപ്പദർശനത്തിനു ശേഷം നെയ്യഭിഷേകം നടത്തുകയെന്നതാണ് ഏതൊരു ഭക്തനും ആഗ്രഹിക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂവെന്ന് നിബന്ധനയുള്ളപ്പോൾ തീർത്ഥാടകരുടെ എണ്ണത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ഇത്തരം നിയന്ത്രണം എന്തിനാണെന്ന് തോന്നിപ്പോകുന്നു. മണ്ഡല - മകരവിളക്ക് കാലത്ത് പ്രതിദിനം ആയിരംപേരെ പ്രവേശിപ്പിച്ചാൽ മതിയെന്ന തീരുമാനവും ശരിയല്ല. യുവതീപ്രവേശനത്തിന്റെ പേരിൽ അനാവശ്യ നിയന്ത്രണവുമായി മുൻവർഷം തീർത്ഥാടനം താറുമാറാക്കിയിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. അതിൽ നിന്ന് കരകയറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമേയാണ് ഇപ്പോഴത്തെ നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.