പൊൻകുന്നം: വാട്ടർ അതോറിട്ടി മുഖേന നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ തുടക്കമായതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ 9 പഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടും. നിയോജകമണ്ഡലത്തിലെ 85000 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലായി നടപ്പാക്കാൻ വിഭാവനം ചെയ്തിരിക്കുന്ന കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് 69.62 കോടി രൂപ അനുവദിച്ചതിന് പുറമേ 2.1 കോടി രൂപ അനുവദിച്ച് 7.5 കിലോമീറ്റർ ദൂരം കൂടി പൈപ്പ് ലൈനുകൾ സ്ഥാപിച്ച് 1000 കുടുംബങ്ങൾക്ക് ഉടൻ ഗാർഹിക കണക്ഷൻ നൽകാൻ സാധിക്കും. നിലവിലെ മണിമല പദ്ധതിയിൽ നിന്ന് ചെറുവള്ളി വില്ലേജ് പരിധിയിൽ 1500 കണക്ഷൻ നല്കും. കരിമ്പുകയം പദ്ധതിയിൽ നിന്ന് 600 കണക്ഷനുകളും ചേർത്ത് ചിറക്കടവ് പഞ്ചായത്തിൽ 38 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് 2100 കണക്ഷനുകൾ ഉടൻ നൽകും. മണിമല പഞ്ചായത്തിൽ ഭരണാനുമതി ലഭിച്ച 13.59 കോടി രൂപ ചെലവിട്ട് 41 കി.മി. നീളത്തിൽ 3750 കണക്ഷനും വാഴൂർ പഞ്ചായത്തിൽ ഭരണാനുമതി ലഭിച്ച 26.5 കോടി ചെലവിട്ട് 35.6 കി.മി ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് 2120 കണക്ഷനും വെള്ളാവൂർ പഞ്ചായത്തിൽ 26.37 കോടി ചെലവിട്ട് 23 കി മി ദൂരത്തിൽ പൈപ് ലൈൻ സ്ഥാപിച്ച് 1500 കണക്ഷനുകളും പള്ളിക്കത്തോട് പഞ്ചായത്തിൽ 24.15 കോടി ചെലവിട്ട് 14 കി മി ദൂരത്തിൽ 1200 കണക്ഷനുകളും നെടുങ്കുന്നം പഞ്ചായത്തിൽ 1.25 കോടി ചെലവഴിച്ച് 315 കണക്ഷനുകളും കങ്ങഴ പഞ്ചായത്തിൽ 1.05 കോടി ചെലവിട്ട് 257 കണക്ഷനുകളും കറുകച്ചാലിൽ 86 ലക്ഷം ചെലവഴിച്ച് 235 കണക്ഷനുകളും നൽകും.

10650 കണക്ഷനുകൾ

മണിമല മേജർ പദ്ധതിയിൽ വിഭാവനം ചെയ്ത 384 കിമി പൈപ് ലൈനിൽ 242 കി മി പൂർത്തിയായി 10650 കണക്ഷനുകൾ ഉടൻ നൽകും.വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രൊഫ.എസ്.പുഷ്‌കലാദേവി അദ്ധ്യക്ഷയായി. മണിമല പഞ്ചായത്ത് പ്രസിഡന്റ് ആൻസി, ജല അതോറിട്ടി ഉദ്യോഗസ്ഥർ പങ്കെടുത്തു. പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ വാട്ടർ കണക്ഷൻ ആവശ്യമുള്ളവർ അതത് വാട്ടർ അതോറിറ്റി ഓഫീസുകളിൽ ബന്ധപ്പെടണമെന്ന് എം.എൽ.എ അറിയിച്ചു.