പൊൻകുന്നം: അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് സംബന്ധിച്ച് ബാർ കൗൺസിൽ നിലപാടിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തിൽ ധർണ നടത്തി. കേരളാ അഭിഭാഷക ക്ഷേമനിധിയിൽ നടന്ന കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയെ എതിർക്കുന്ന കേരള ബാർ കൗൺസിൽ നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ധർണ നടത്തിയത്.
കാഞ്ഞിരപ്പള്ളി കോടതിയുടെ മുൻപിൽ നടന്ന ധർണ അഭിഭാഷക പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.പി സനൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ അഡ്വ.ഡി.മുരളീധർ, അഡ്വ.ജഗൻമയലാൽ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി.ആർ.രമേശ്, അഡ്വ.ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.