election

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വനിതാ സംവരണ ലിസ്റ്റായതോടെ വിവിധ മുന്നണികളും പാർട്ടികളും സ്ഥാനാർത്ഥി പരിഗണന വേഗത്തിലായി. വനിതകളും സംവരണ വിഭാഗത്തിലുള്ളതുമായ പഞ്ചായത്ത്, ബ്ലോക്ക് , നഗരസഭാ ലിസ്റ്റുമായതോടെ പുതിയ അദ്ധ്യക്ഷസ്ഥാനത്തിനായി ഇടിയേറുകയാണ്. 11 ന് ത്രിതല പഞ്ചായത്ത് സമിതികളുടെ കാലാവധി അവസാനിക്കും മുൻപ് ഭരണ നേട്ടങ്ങൾ വിവരിച്ചുള്ള പത്രക്കുറിപ്പ് ഇറക്കാനും, പത്രസമ്മേളനം നടത്താനുമുള്ള തിരക്കുമായി. ഇനി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് മുന്നണികളും സ്ഥാനാർത്ഥി മോഹികളും.

33 പഞ്ചായത്തുകളിലും, 11 ബ്ലോക്കിലും, 5 നഗരസഭകളിലും, ജില്ലാ പഞ്ചായത്തിലും അദ്ധ്യക്ഷ പദവി വനിതകൾക്കാണ്. ഇതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന സംവരണ വിഭാഗത്തിലും അല്ലാതെയുമുള്ള വനിതകളെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് പാർട്ടികളും മുന്നണികളും. എസ്.സി-എസ്.ടി സംവരണ വിഭാഗത്തിൽ ജയസാദ്ധ്യതയും പ്രവർത്തന പരിചയവുമുള്ളവരെ കണ്ടെത്തുക ബുദ്ധിമുട്ടാണെങ്കിൽ ജനറൽ വനിതാവിഭാഗത്തിൽ അദ്ധ്യക്ഷ സ്ഥാനമോഹികളുടെ എണ്ണം കൂടുതൽ. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് കാലാവധി വീതിച്ച് നൽകേണ്ടി വരും. ആദ്യടേം ലഭിക്കുന്നതിനായുള്ള ഇടിയും കൂടും. യു.ഡി.എഫിൽ ഇതു ഭിന്നിപ്പിന് വഴിയൊരുക്കുമെന്നതിനാൽ നേതൃത്വത്തിന് തലവേദനയാണ്.

ആറിൽ അഞ്ചും വനിതാസംവരണം

കോട്ടയം, വൈക്കം, ചങ്ങനാശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിൽ വനിതകൾക്കാണ് അദ്ധ്യക്ഷ പദവി. കോട്ടയം നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ധ്യക്ഷ പദവി എസ്.ടി സംവരണമായിരുന്നു. എസ്.ടി വിഭാഗത്തിൽ നിന്ന് യു.ഡി.എഫിൽ ആകെ ജയിച്ചത് ഡോ.പി.ആർ.സോന മാത്രമായിരുന്നു. പുരുഷന്മാരാരും ജയിക്കാതെ വന്നതോടെ സോനയ്ക്ക് നറുക്ക് വീണു. എസ്.ടി ജനറലായത് കൊണ്ടാണ് ഇക്കുറി അദ്ധ്യക്ഷ പദവി വനിതാസംവരണമായത്. പാലാ നഗരസഭയിലും വനിതാസംവരണമായിരുന്നതിനാലാണ് ഈ തിരഞ്ഞെടുപ്പിൽ അദ്ധ്യക്ഷ സ്ഥാനം ജനറൽ ആയത്. ആറിൽ അഞ്ച് നഗരസഭകളിലും വനിതാസംവരണം ആദ്യമാണ്.

ജില്ലാ പഞ്ചായത്തിൽ പരിഗണന ഇവർക്ക്

ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിൽ മുൻ പ്രസിഡന്റ് രാധാ വിനായർ, ബീനാ ബിനു, സുധാ കുര്യൻ, ജെസിമോൾ മനോജ്, കേരളകോൺഗ്രസ് ജോസഫിൽ നിന്ന് മേരിക്കുട്ടി സെബാസ്റ്റ്യൻ, മറിയാമ്മ ജോസഫ് സി.പിഎമ്മിൽ നിന്ന് ഡോ.സിന്ധു മോൾ ജേക്കബ്, രമാമോഹൻ, കെ.വി.ബിന്ദു, തങ്കമ്മ ജോർജു കുട്ടി, കേരളകോൺഗ്രസ് ജോസ് വിഭാഗത്തിലെ നിർമ്മല ജിമ്മി, ബെറ്റി റോയി തുടങ്ങിയ പേരുകളാണ് ഉയരുന്നത്.

തിരഞ്ഞെടുക്കേണ്ടത്
1512 ജനപ്രതിനിധികളെ

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് 22, ബ്ലോക്ക് പഞ്ചായത്ത് 146, ഗ്രാമപഞ്ചായത്ത് 1140, മുനിസിപ്പാലിറ്റികൾ 204 എന്നിങ്ങനെയാണ് കണക്ക്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒൻപതിലും 13 ഡിവിഷനുകൾ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 15 ഉം പാമ്പാടിയിൽ 14 ഉം ഡിവിഷനുകളുണ്ട്. ഏറ്റവും കൂടുതൽ വാർഡുകളുള്ള ഗ്രാമപഞ്ചായത്തുകൾ കാഞ്ഞിരപ്പള്ളിയും എരുമേലിയും പനച്ചിക്കാടുമാണ്. മൂന്ന് പഞ്ചായത്തുകളിലും 23 വാർഡുകൾ വീതമാണുള്ളത്. അതിരമ്പുഴ രണ്ടാംസ്ഥാനത്തും (22), മുണ്ടക്കയവും വാഴപ്പള്ളിയും (21) മൂന്നാം സ്ഥാനത്തുമാണ്. 20 പഞ്ചായത്തുകളിൽ 13 വാർഡുകൾ മാത്രമാണുള്ളത്. ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളിൽ കൂടുതൽ ഡിവിഷനുകളുള്ളത് കോട്ടയത്താണ് 52. വൈക്കത്തും പാലായിലുമാണ് ഏറ്റവും കുറവ് 26 വീതം.

332 പോളിംഗ് ബൂത്തുകൾ
ജില്ലയിൽ ആകെ 2332 പോളിംഗ് ബൂത്തുകളുണ്ടാകും. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് 2079 ഉം മുനിസിപ്പാലിറ്റികളിൽ 253ഉം. ഏറ്റവുമധികം ബൂത്തുകളുള്ള ഗ്രാമപഞ്ചായത്ത് വാഴപ്പള്ളിയാണ്. ഇവിടെ 50 ബൂത്തുകളാണുള്ളത്. മുനിസിപ്പാലിറ്റികളിൽ 101 പോളിംഗ് ബൂത്തുകളുള്ള കോട്ടയമാണ് മുന്നിൽ.