ചങ്ങനാശേരി: ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന നഗരമദ്ധ്യത്തിലുള്ള കെ.എസ്.ആർ.ടി.സി കെട്ടിടം ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. കെട്ടിടത്തിനു മുകളിൽ മരങ്ങൾ വരെ ഇടതൂർന്ന് വളർന്നു നിൽക്കുന്നതുമൂലം ഭിത്തികൾ വിള്ളൽ ബാധിച്ച് അപകടാവസ്ഥയിലാണ്. യാത്രക്കാരുടെ ജീവനും അപകടഭീഷണി ഉയർത്തുകയാണ്. അൻപതു വർഷം മുൻപ് നിർമ്മിച്ച കെട്ടിടം കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് ഈ അവസ്ഥയിലായത്.
എം.സി റോഡ് വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടത്തിന്റെ ഭാഗത്തെ മണ്ണെടുത്തത് ബലക്ഷയത്തിനിടയാക്കിയിട്ടുണ്ടെന്ന ആശങ്കകളും ഉയരുന്നുണ്ട്. യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഈ കെട്ടിടത്തിന്റെ പലഭാഗങ്ങളും അടർന്നു വീഴുന്നത് പതിവാണ്. പുല്ലും കാടും പടർന്ന് ശോച്യാവസ്ഥയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റുകൾ കമ്പികൾ തുരുമ്പെടുത്തും പുറത്തേക്ക് തെളിഞ്ഞും കാണാവുന്ന നിലയിലാണ്. യാത്രക്കാരുടെ മേൽ കെട്ടിട അവശിഷ്ടങ്ങൾ വീഴുന്നതും പതിവാണ്.
25 ലക്ഷം രൂപ മുടക്കിയാൽ പഴക്കം ചെന്ന കെട്ടിടം നവീകരിച്ച് ഉപയോഗപ്രദമാക്കാമെന്ന നിർദേശം കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മാനേജ്‌മെന്റിനു മുൻപ് നൽകിയിരുന്നു. എന്നാൽ, കാലപ്പഴക്കം ചെന്ന കെട്ടിടം വൻതുക മുടക്കി നവീകരിക്കുന്നത് പ്രയോജനപ്രദമാകില്ലെന്ന അഭിപ്രായം ഉയർന്നിരുന്നതിനെ തുടർന്ന് നടപടിയായില്ല. കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ പഴയകെട്ടിടം പുതുക്കി പണിയാതെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണ ജോലികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയർന്നു. പലിശ രഹിത നിക്ഷേപം സ്വീകരിച്ചും കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് തുക വകയിരുത്തിയും ഷോപ്പിംഗ് കോംപ്ലക്‌സിന് പണം കണ്ടെത്തി നിർമ്മാണം ആരംഭിക്കാൻ നാലുവർഷം മുൻപ് തീരുമാനമെടുത്തിരുന്നു. കെ.ആർ.ടി.സിക്ക് ബാദ്ധ്യത ഉണ്ടാകാതെ, ഡിപ്പോയുടെ പ്രവർത്തനങ്ങൾക്ക് മതിയായ സൗകര്യം ഉറപ്പ് വരുത്തിയും നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം ലക്ഷ്യമിട്ടുള്ളതുമായ ഡിസൈനാണ് അധികൃതർ തയാറാക്കിയിരുന്നത്.
പുതിയ ഷോപ്പിംഗ് കോപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്ലോറിൽ കടമുറികൾ, കൂടാതെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, എൻക്വയറി കൗണ്ടർ, യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം, എ.ടി.എം കൗണ്ടർ, സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്‌ലറ്റുകൾ, വികലാംഗർക്കായി പ്രത്യേക ടോയ്‌ലറ്റുകൾ, ലിഫ്‌റ്റ്, കാറുകൾക്കും ടൂവിലറിനും പ്രത്യേക പാർക്കിംഗ് എന്നീ സൗകര്യങ്ങളും പുതിയ ടെർമിനലിൽ എന്നിങ്ങനെയാണ് പദ്ധതിയിൽ ക്രമീകരിച്ചിരുന്നത്. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടരക്കോടി രൂപ ചെലവഴിച്ച് ഡിപ്പോയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓഫീസ് കം ഗാരേജ് നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പുതിയ ടെർമിനൽ നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ മാത്രമേ പഴയ കെട്ടിടം പൊളിച്ചുമാറ്റാനാകൂ എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നത്. ടെർമിനൽ നിർമ്മാണാവശ്യത്തിലേക്ക് 5 കോടി 15 ലക്ഷം രൂപ എം.എൽ.എ. ആസ്തി വികസനഫണ്ടിൽ നീക്കിവെച്ചിട്ടുണ്ട്. പൊളിച്ചുമാറ്റൽ പദ്ധതി അടിയന്തരമായി അംഗീകരിച്ച് ടെൻഡർ നടപടികൾ ത്വരിതപ്പെടുത്തി പുതിയ കെട്ടിടനിർമ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.