കോട്ടയം: നാലര വർഷത്തോളം കുണ്ടുംകുഴിയുമായി കിടക്കുന്ന കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ 1.91 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് നവീകരണം. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചത്. സ്റ്റാൻഡിലെ കെട്ടിടങ്ങൾ എല്ലാം പൊളിച്ചു നീക്കിയാണ് ജോലികൾ ആരംഭിച്ചത്. രാഷ്ട്രീയ കാരണങ്ങളാൽ ഗാരേജ് നിർമ്മാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡിലൂടെ കാൽനടയാത്ര പോലും ദുസ്സഹമായിരുന്നു. കൂടാതെ മലിനജലം പുറത്തേക്കൊഴുകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കി. നേരത്തെ ഗാരേജ് താല്കാലികമായി കോടിമതയിലെ ബസ് സ്റ്റാൻഡ് മൈതാനത്തേയ്ക്കു മാറ്റിയിരുന്നു. സ്റ്റാൻഡ് മുഴുവൻ പൊളിച്ചിട്ടിരിക്കുന്നതിനാൽ ബസുകൾ പാർക്ക് ചെയ്യുന്നത് ടി.ബി റോഡരികിലായിരുന്നു. സർക്കാർ സഹായം ഇല്ലാതെ വന്നതോടെയാണ് ബസ് ടെർമിനൽ ഉദ്ഘാടനം വൈകിയതെന്ന ആരോപണമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉയർത്തിയിരുന്നത്. നേരത്തെ മുടങ്ങിക്കിടന്ന ഈരയിൽക്കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം മുടക്കിയാണ് പൂർത്തിയാക്കിയത്.
ഇന്ന് രാവിലെ 10 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷൻ ഡോ.പി.ആർ സോന, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, ജില്ലാ കളക്ടർ എം.അജ്ഞന, ആർകിടെക്ട് ജി.ശങ്കർ ഹാബിറ്റാറ്റ് എന്നിവർ പ്രസംഗിക്കും.
2021ൽ പൂർത്തിയാകും
ബസ് സ്റ്റാൻഡിനുള്ളിലെ ബസ് ഡിപ്പോ, ടെർമിനൽ, കംഫർട്ട് സ്റ്റേഷൻ എന്നിവ യാർഡ് ടൈലുകൾ പാകി മനോഹരമാക്കുന്നതിനാണ് പദ്ധതി. 6000 സ്ക്വയർ ഫീറ്റാണ് ബസ് ടെർമിനൽ. 5000 സ്ക്വയർഫീറ്റാണ് യാർഡ്. 2021 ഫെബ്രുവരിയോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് പദ്ധതി.