sebatin

കോട്ടയം : ഒരു വർഷത്തിനുള്ളിൽ 53 കോടിയിലേറെ രൂപയുടെ വികസന-ക്ഷേമപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായതായി സ്ഥാനമൊഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. കോട്ടയം പ്രസ്ക്ലബിന്റെ തദ്ദേശം 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിഹിതത്തിന്റെ 70% ന് മുകളിൽ ചെലവഴിച്ചു. ദാരിദ്ര്യലഘൂകരണത്തിൽ 18.34 കോടി രൂപയുടെയും പി. എം ജി. എസ്. വൈ. റോഡ് പദ്ധതിയിൽ 17.12 കോടി രൂപയുടെയും നീർത്തടാധിഷ്ഠിത വികസനപ്രവർത്തനത്തിൽ 9.11 കോടി രൂപയുടെയും വികസനപദ്ധതികൾ നടപ്പാക്കി. ജില്ലയെ സമ്പൂർണ മാലിന്യവിമുക്തമാക്കാൻ നടപ്പാക്കിയ 'ക്ലീൻ കോട്ടയം- ഗ്രീൻ കോട്ടയം പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പരിസ്ഥിതി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജലസംരക്ഷണ അവാർഡ് നേടാനായതും നേട്ടമായി കരുതുന്നു. രണ്ടു കോടിയിലധികം രൂപ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. തണലോരം പദ്ധതിയിൽ അഞ്ചു ലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. ലൈഫ് മിഷൻ മൂന്ന് ഘട്ടങ്ങളിലായി അയ്യായിരത്തോളം വീടുകൾ ഇതിനകം പൂർത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.