കോട്ടയം : ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ പ്രത്യേക നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി. മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികൾ നടത്തണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. 1, 21, 22, 23, 26 വാർഡുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ സൗകര്യമില്ലാത്തവർ നിരവധി പേരുള്ള സാഹചര്യത്തിൽ നിലവിലുള്ള സി.എഫ്.എൽ.ടിക്ക് പുറമെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ പ്രത്യേക സ്റ്റെപ് ഡൗൺ സി.എഫ്.എൽ.ടി.സി സജ്ജമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
479 പേർക്ക് കൊവിഡ്
ജില്ലയിൽ 479 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 475 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 3789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 235 പുരുഷൻമാരും 174 സ്ത്രീകളും 70 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേർക്ക് രോഗം സ്ഥിരീകരിച്ചു. 481 പേർ രോഗമുക്തി നേടി. നിലവിൽ 5332 പേരാണ് ചികിത്സയിലുള്ളത്. 19356 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഈരാറ്റുപേട്ട : 50, കോട്ടയം : 41, ചങ്ങനാശേരി : 35, നീണ്ടൂർ : 28, ഏറ്റുമാനൂർ : 20, പാമ്പാടി : 19, മുണ്ടക്കയം, വെള്ളൂർ : 17, കുറിച്ചി, ആർപ്പൂക്കര : 14, ടി.വി പുരം, തലയാഴം : 11, ഉദയനാപുരം, വൈക്കം, നെടുംകുന്നം : 9 എന്നിങ്ങനെയാണ് ഇന്നലെ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.
രണ്ട് ആശുപത്രികളിൽ കൂടി കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം
ഉഴവൂർ, പാമ്പാടി താലൂക്ക് ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം സജ്ജമാക്കി. ഉഴവൂർ ആശുപത്രി സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രമായി പ്രവർത്തിച്ചുവരികയായിരുന്നു. പാമ്പാടി ആശുപത്രിയിലെ സി.എഫ്.എൽ.ടി.സി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി എസ്.എൽ.ടി.സിയാക്കി മാറ്റി. ജില്ലാ കളക്ടർ എം.അഞ്ജന വീഡിയോ കോൺഫറൻസിലൂടെ രണ്ടു കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു. ഉഴവൂരിൽ 154 ഉം പാമ്പാടിയിൽ 50 ഉം കിടക്കളാണുള്ളത്. ഇത് യഥാക്രമം 230 ഉം 100 ഉം കിടക്കകളായി വർദ്ധിപ്പിക്കാനാകും. ഇതോടെ ജില്ലയിൽ വിവിധ സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലായി ഓക്‌സിജൻ സംവിധാനമുള്ള 461 കിടക്കകളായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവയാണ് മറ്റു ചികിത്സാ കേന്ദ്രങ്ങൾ. പാലാ ജനറൽ ആശുപത്രിയിലും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലും ഈ സംവിധാനം സജ്ജീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ ജില്ലയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള 800 കിടക്കൾ സജ്ജമാകുമെന്ന് കളക്ടർ പറഞ്ഞു.