കോട്ടയം: നാഗമ്പടത്ത് എം.സി റോഡരികിലെ ഓടയിൽ കാൽ കുടുങ്ങിയ ഉദ്യോഗസ്ഥയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി. നാഗമ്പടം സെയിൽടാക്‌സ് ഓഫീസിലെ ഉദ്യോഗസ്ഥ അയ്‌മനം പപ്പാളിയിൽ ഷബാനയുടെ കാലാണ് ഓടയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ ഒൻപതരയോടെ എം.സി റോഡരികിൽ നാഗമ്പടത്തെ ബേക്കറിയ്ക്ക് മുന്നിലായിരുന്നു സംഭവം. ഭർത്താവിനൊപ്പമെത്തിയ ഷബാന കാറിൽ നിന്നും ഇറങ്ങവേ ഓടയുടെ വിടവിൽ കാൽ കുടുങ്ങുകയായിരുന്നു. നടക്കാൻ കഴിയാതെ വന്നതോടെ ഭർത്താവ് ഫയർഫോഴ്സിൽ വിവരം അറിയിച്ചു.ഫയർഫോഴ്സ് ഓടയുടെ സ്ലാബ് നീക്കിയ ശേഷം ഇവരുടെ കാൽ പുറത്തെടുക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം പരിശ്രമിച്ചാണ് കാൽ പുറത്തെടുത്തത്.