കട്ടപ്പന: കാൽവരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ ടൂറിസം അമിനിറ്റി സെന്റർ അനാഥമായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂന്നുനില കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടെങ്കിലും വെള്ളമില്ലാത്തതിനാലാണ് കെട്ടിടം തുറന്നുകൊടുക്കാത്തത്. പ്രദേശവാസി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് ഒരുകോടിയിലധികം രൂപ മുടക്കിൽ നിർമിച്ച മന്ദിരം 2018 ഡിസംബറിലാണ് ഉദ്ഘാടനം ചെയ്തത്. താഴത്തെ നിലയിൽ ഹാൾ, അടുക്കള, ഒന്നും രണ്ടും നിലകളിലായി എല്ലാവിധ സൗകര്യങ്ങളുമുള്ള ആറ് കോട്ടേജുകൾ, കോൺഫറൻസ് ഹാൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് അമിനിറ്റി സെന്ററിലുള്ളത്. എന്നാൽ രണ്ടുവർഷമായിട്ടും കുടിവെള്ള സൗകര്യം ഏർപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കെട്ടിടം അടഞ്ഞുകിടന്ന് നശിക്കുന്ന സ്ഥിതിയാണ്. ലോക്ക് ഡൗൺ കാലത്ത് അടച്ച കാൽവരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രം തുറക്കാനും നടപടിയില്ല.
രാത്രികാലങ്ങളിൽ ഇവിടെയെത്തുന്ന സാമൂഹിക വിരുദ്ധർ അമിനിറ്റി സെന്റർ താവളമാക്കി മദ്യസേവ നടത്തുകയാണ്. മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്നു. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭാഗികമായി പ്രവർത്തനമാരംഭിച്ചിട്ടും കാൽവരിമൗണ്ട് തുറക്കാത്തതിലും നാട്ടുകാർക്ക് അമർഷമുണ്ട്.