kallarkutty-dam-catment-

അടിമാലി: നിരന്തരം ആവശ്യമുന്നയിച്ചിട്ടും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടും കല്ലാർകുട്ടി അണക്കെട്ടിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ ഇനിയും നടപടി ഉണ്ടാകുന്നില്ല. പട്ടയം ലഭ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇത്തവണത്തെ പട്ടയമേളയിലും യാഥാർത്ഥ്യമായില്ല.പട്ടയമെന്ന തങ്ങളുടെ ആവശ്യത്തോട് ബന്ധപ്പെട്ടവർ മുഖംതിരിക്കുന്നുവെപരാതിയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്..കല്ലാർകുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമായി വെള്ളത്തൂവൽ,കൊന്നത്തടി പഞ്ചായത്തുകളിൽ അധിവസിക്കുന്ന 3800ൽ അധികം കുടുംബങ്ങൾക്കാണ് പട്ടയം ലഭ്യമാക്കേണ്ടതുള്ളത്.ഇക്കാര്യത്തിൽ ഇനിയും കല്ലാർകുട്ടി നിവാസികൾക്കുനേരെ മുഖം തിരിക്കരുതെന്ന് പട്ടയ അവകാശ സംരക്ഷണവേദി ചെയർമാൻ പി വി അഗസ്റ്റിൻ ആവശ്യപ്പെട്ടു.അണക്കെട്ടിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് രൂപം കൊണ്ട പട്ടയ അവകാശ സംരക്ഷണ വേദി കഴിഞ്ഞ കുറച്ച് നാളുകളായി സമരപാതയിലാണ്.മാസങ്ങൾക്ക് മുമ്പ് കല്ലാർകുട്ടി ടൗണിലടക്കം സംരക്ഷണവേദി സമരപരിപാടിക്ക് രൂപം നൽകിയിരുന്നു.വെള്ളത്തൂവൽ പഞ്ചായത്തിലെ ഏഴ് വാർഡുകളിലും കൊന്നത്തടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമായി താമസിച്ച് വരുന്ന ആളുകൾക്കാണ് പട്ടയം ലഭ്യമാകാനുള്ളത്.ജില്ലയുടെ മറ്റ് പലമേഖലകളിലും പട്ടയം ലഭ്യമാക്കുമ്പോഴും കല്ലാർകുട്ടി നിവാസികളോട് അവഗണന തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.