അടിമാലി: ക്ഷയരോഗ മുക്ത പ്രവർത്തനങ്ങൾ വിജയത്തിലെത്തിച്ച വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന് ആരോഗ്യ മന്ത്രി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്മന്ത്രി എംഎം മണി പഞ്ചായത്ത് അധികൃതർക്ക് കൈമാറി.നിലവിൽ പഞ്ചായത്ത് പരിധിയിൽ ക്ഷയരോഗമുള്ളവരായി ആരുമില്ലെന്നും 2018 മുതൽ ക്ഷയരോഗ നിവാരണം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നുവെന്നും വെള്ളത്തൂവൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഹരികുമാർ കെ ജെ പറഞ്ഞു.2018 മുതൽ നടത്തിയ പരിശോധനകളിൽ 57 ക്ഷയ രോഗികളെ പഞ്ചായത്ത് പരിധിയിൽ കണ്ടെത്തിയിരുന്നു.ഇവരുടെ രോഗം ഇതിനോടകം പൂർണ്ണമായി ഭേദപ്പെട്ടു .ക്ഷയ രോഗ നിവാരണത്തിനായി പ്രവർത്തിച്ച പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ ബിജി പറഞ്ഞു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുടർച്ചയായി ഒരു വർഷം ക്ഷയരോഗമില്ലെന്ന നേട്ടവും പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്.