അടിമാലി: കൃഷി ദേഹണ്ഡങ്ങൾ വനപാലകർ വെട്ടി നശിപ്പിച്ചതായി ആരോപിച്ച് കുരിശുപാറ,കോട്ടപ്പാറ മേഖലയിലെ ഒരു വിഭാഗം കർഷകർ അടിമാലി കൂമ്പൻപാറ റെയിഞ്ചോഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.വനപാലകർ അന്യായമായി ഏലച്ചെടികൾ വെട്ടിനശിപ്പിച്ചുവെന്നാണ് കർഷകരുടെ പരാതി.നാൽപ്പത്തഞ്ച് വർഷത്തോളമായി കൃഷി നടത്തിപ്പോന്നിരുന്നരണ്ട് ഏക്കറോളം സ്ഥലത്തെ മുന്നൂറിലധികം ഏലച്ചെടികൾ വനപാലകർ വെട്ടിനശിപ്പിച്ചതായി കർഷകനായ ദിലീപ് പറഞ്ഞു.കൃഷിദേഹണ്ഡങ്ങൾ വെട്ടിനശിപ്പിക്കുന്ന വനപാലകരുടെ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം കർഷകർ മമ്പോട്ട് വയ്ക്കുന്നു.വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിക്കുമെന്നും കർഷകർ അറിയിച്ചു.അതേ സമയം മലയാറ്റൂർ റിസർവ്വിന്റെ ഭാഗമായ റവന്യു ഫോറസ്റ്റ് പരിധിയിൽ ഒഴിപ്പിക്കൽ നടപടികൾ നടത്തുകയാണ് തങ്ങൾ ചെയ്തതെന്നാണ് വനംവകുപ്പദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.