കുറവിലങ്ങാട് : തിരുവനന്തപുരം വെള്ളനാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ലോറികളിൽ തട്ടി അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഡ്രൈവറടക്കം 4 പേർക്ക് പരിക്കേറ്റു. രാജ് ഭവനിൽ സത്യരാജ് (38), കൈതയിൽ സൂര്യ (45), കലാഭവനിൽ കല (43), ഷാജികുമാർ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഡ്രൈവർ ഒഴികെ മറ്റ് മൂന്ന് പേരും ഭിന്നശേഷിക്കാരാണ്. മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് എം.സി റോഡിൽ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്തായിരുന്നു അപകടം. കാർ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു. കൂത്താട്ടുകുളം ഭാഗത്തേക്ക് പോയ തടി കയറ്റിയ ലോറി അതേ ഭാഗത്തേക്ക് പോയ ചരക്ക് ലോറിയെ മറികടക്കുന്നതിനിടയിൽ ലോറിയിൽ നിന്ന് തള്ളി നിന്ന തടി കാറിൽ തട്ടി. കാർ വട്ടം തിരിഞ്ഞ് മറ്റൊരു ലോറിയിലേക്ക് തകരുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കൂത്താട്ടുകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തി റോഡ് കഴുകി വൃത്തിയാക്കി.