chithram

നെടുംകുന്നം: മൂന്ന് പെൺകുട്ടികളുടെ കരവിരുതിൽ ഊത്തപ്പാറ അംഗൻവാടിയുടെ ചുമരുകൾ വർണ്ണചിത്രങ്ങളിൽ നിറഞ്ഞു. നെടുംകുന്നം ഒന്നാം വാർഡിലെ 55-ാം നമ്പർ ഊത്തപ്പാറ അംഗൻവാടിയുടെ ചുമരുകളാണ് വർണ ചിത്രങ്ങളാൽ നിറഞ്ഞത്. അംഗൻവാടി കേന്ദ്രമായി പ്രവർത്തിക്കുന്ന കുമാരി ക്ലബിലെ അംഗങ്ങളായ കെ.എം മനീഷ, സഹോദരിമാരായ എസ്.എം ആതിര, അഖില എന്നിവർ ചേർന്നാണ് ചുമരുകളിൽ ചിത്രരചന നടത്തിയത്. ലോക്ഡൗൺ കാലത്തായിരുന്നു ഇവർ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. മുയലും മാനും മരങ്ങളുമെല്ലാം ചുമരുകളിൽ നിറഞ്ഞു. അദ്ധ്യാപിക കെ.സുജാകുമാരിയും അധികൃതരും ഇവർക്ക് പൂർണ പിന്തുണ നൽകി. വരയ്ക്കാൻ ആവശ്യമായ സാധനങ്ങളും എത്തിച്ചു നല്കി. ഒഴിവ് സമയങ്ങളിൽ മൂന്നു പേരും അംഗൻവാടിയിലെത്തിയാണ് ചിത്ര രചന നടത്തുന്നത്. കുട്ടികൾക്ക് കൗതുകവും അറിവും പകർന്നു നൽകുന്ന ചിത്രങ്ങളാണ് ചുമരുകളിൽ നിറയെ. പിന്നീട്, കടലാസുകളിൽ വർണചിത്രങ്ങൾ തീർത്ത് മേൽക്കൂരയും മനോഹരമാക്കി. ചിത്രങ്ങൾക്ക് പുറമെ പാഴ് വസ്തുക്കൾകൊണ്ട് ശിൽപങ്ങളും ഒരുക്കുന്നുണ്ട് ഇവർ.