eenth

കോട്ടയം: ഒരു വർഷത്തോളമായി ജില്ലയിലെ വനംവകുപ്പ് 'പെൺവർഗത്തിന്റെ' പിന്നാലെയാണ്. നടവഴിയിലും ഇടവഴിയിലും മാത്രമല്ല നടുമുറ്റങ്ങളിൽ വരെയും അന്വേഷണമെത്തിയിട്ടും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. വംശനാശ ഭീഷണി നേരിടുന്ന 'ഈന്തിനെ' വളർത്തി പരിപാലിക്കാൻ 'പെൺ ഈന്ത് തൈകൾ' വേണം. അതാണ് അന്വേഷണത്തിു പിന്നിൽ.

തെങ്ങോല പോലെ നീണ്ട ഇലകളോടുകൂടി മൂന്ന് മുതൽ ഏഴ് മീറ്റർ വരെ ഒറ്റത്തടയിയായി വളരുന്ന ഈന്ത് മരങ്ങൾ ആരും നടാതെ വളർന്നിരുന്നൊരു കാലമുണ്ടായിരുന്നു. കായ ഉണക്കിപ്പൊടിച്ച് പലഹാരങ്ങളുമുണ്ടാക്കിയിരുന്നു. നാട്ടിൻപുറങ്ങളിലെ കല്യാണാഘോഷങ്ങൾക്ക് മോടികൂട്ടാൻ ഈന്തോലപ്പട്ട വേണമായിരുന്നു. കല്യാണപ്പന്തലും കമാനവും ഒരുക്കിയിരുന്നത് ഈന്തിൻപട്ട ഉപയോഗിച്ചായിരുന്നു. രാഷ്ട്രീയപാർട്ടികളുടേതടക്കം വലിയ സമ്മേളനങ്ങൾക്കും ഈന്തിലകൾ പകർന്ന സൗന്ദര്യമായിരുന്നു വേദികളെ കളറാക്കിയത്. ഈന്തോല പൂർണമായും വെട്ടിയെടുക്കുന്നതോടെ മരം നശിക്കാൻ തുടങ്ങി. ജുറാസിക് കാലഘട്ടത്തിൽ വളർന്ന് തുടങ്ങിയ ഈന്തിന്റെ വംശനാശം തടയുകയാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ ലക്ഷ്യം. ഇതിനായി പെൺവർഗത്തിൽപ്പെട്ട ഈന്തുകൾ വ്യാപകമായി വേണം. അവ മാത്രമേ കായ്ക്കൂ. വിത്ത് വിതരണക്കാർ വാവലുകളാണ്. പഴുത്ത കുരുവിന്റെ പുറംഭാഗം തിന്ന് ബാക്കി കളയുമ്പോൾ പലേടങ്ങളിലായി വിത്ത് വിതരണം നടക്കും. പരാഗണത്തിന് മാത്രമേ ആൺ ചെടികൾ വേണ്ടൂ. കാറ്റിലൂടെയാണ് പരാഗണം. സോഷ്യൽ ഫോറസ്ട്രി വിഭാഗം ജില്ലയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിലേറെയും ആൺ വർഗത്തിൽപ്പെട്ട ഈന്തുകളാണ്.

പ്രത്യേകതകൾ ഏറെയുണ്ട്

പശ്ചിമഘട്ട മലനിരകളിലാണ് ഈന്തുകളേറെയുള്ളത്. ആൺസസ്യവും പെൺസസ്യവും രണ്ടായി കാണപ്പെടുന്നു. ജില്ലയിൽ വ്യാപമാകമായിരുന്ന ഈന്ത് തേടി അലഞ്ഞ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് പൊന്തൻപുഴ വനം, എരുമേലി, കാഞ്ഞിരപ്പള്ളി തുടങ്ങിയിടങ്ങളിൽ നിന്നാണ് നാമമാത്രമായ തൈകൾ ലഭിച്ചത്. ഇവ പാറമ്പുഴയിലെ ഓഫീസിനോട് ചേർന്നുള്ള നഴ്സറിയിൽ പരിപാലിക്കുകയാണ്.

'' വംശനാശ ഭീഷണി നേരിടുന്ന സസ്യ വിഭാഗമായ ഈന്തിൻ തൈകൾക്കായുള്ള അന്വേഷണം ഒരു വർഷത്തോളമായി തുടങ്ങിയിട്ട്. കണ്ടെത്തിയ ഈന്ത് മരങ്ങളിൽ ഏറെയും ആൺ വിഭാഗത്തിൽപ്പെട്ടവയാണ്. ചിലയിടങ്ങളിൽ നിന്ന് തൈകൾ കിട്ടിയെങ്കിലും പെൺ വർഗത്തിലുള്ളതാണോയെന്നറിയാൻ വീണ്ടും കാത്തിരിക്കണം. ആരുടെയെങ്കിലും പറമ്പുകളിൽ പെൺ ഈന്ത് മരങ്ങളുണ്ടെങ്കിൽ അറിയിക്കണം''

ഡോ.ജി. പ്രസാദ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ,കോട്ടയം സോഷ്യൽ ഫോറസ്ട്രി .