കട്ടപ്പന: ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പന നഗരസഭയിൽ ഇത്തവണ തീപാറും പോരാട്ടം. 2015ൽ നഗരസഭയായശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ്. ഭരണം പിടിച്ചത്. എന്നാൽ ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതോടെ സാങ്കേതികമായി യു.ഡി.എഫിനു ഭൂരിപക്ഷമില്ല. ഭരണമികവിനു സംസ്ഥാന തലത്തിൽ ലഭിച്ച പുരസ്‌കാരങ്ങളും സമ്പൂർണ മാലിന്യ സംസ്‌കരണം ഉൾപ്പെടെയുള്ള പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചതിനാലും ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജോസ് വിഭാഗത്തിന്റെ അഭാവം കാര്യമായി ബാധിക്കില്ലെന്നാണ് യു. ഡി. എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും ഭരണസമിതിയുടെ സ്വജനപക്ഷപാതവും ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കേരള കോൺഗ്രസി(എം)നു ശക്തമായ വേരോട്ടമുള്ള നഗരസഭയിൽ ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിലൂടെ വലിയ ഭൂരിപക്ഷം നേടി ഭരണം തിരിച്ചുപിടിക്കാമെന്നും ഇവർ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പിയും കരുതുന്നു. ജനറൽ വിഭാഗമായിരുന്ന നഗരസഭ അദ്ധ്യക്ഷ സ്ഥാനം ഇത്തവണ സ്ത്രീ സംവരണമാണ്.
ഏറ്റവും മികച്ച നഗരസഭ, ആരോഗ്യ കേരളം പുരസ്‌കാരം, ആർദ്ര കേരളം പുരസ്‌കാരം ഉൾപ്പെടെ സംസ്ഥാന തലത്തിൽ ലഭിച്ച നിരവധി പുരസ്‌കാരങ്ങൾ യു.ഡി.എഫിന്റെ ഭരണമികവിനെയാണ് സൂചിപ്പിക്കുന്നതെന്ന് നഗരസഭാദ്ധ്യക്ഷൻജോയി വെട്ടിക്കുഴി പറഞ്ഞു. . ഏറ്റവുമൊടുവിൽ സമ്പൂർണ ശുചിത്വ പദവിയിലേക്കും കട്ടപ്പന നഗരസഭ ഉയർത്തപ്പെട്ടു. സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതി വിജയകരമാക്കി വലിയ മുന്നേറ്റം കാഴ്ചവച്ചു. നഗരത്തെ മാലിന്യമുക്തമാക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും കഴിഞ്ഞു. ഭരണസമിതി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭ കാര്യാലയങ്ങളിലൊന്നായി കട്ടപ്പന നഗരസഭ സമുച്ചയം നിർമിച്ചു. ഓരോ വർഷവും 20 ലക്ഷം രൂപയുടെ ജൈവവളമാണ് കർഷകർക്ക് നൽകിവരുന്നത്. പ്രതിവർഷം 20 ലക്ഷം രൂപയുടെ ഇൻസെന്റീവ് നൽകുന്നതിനു പുറമേ ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി. ജോസ് കെ.മാണി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് യു.ഡി.എഫിന്റെ ഭരണത്തുടർച്ചയെ ബാധിക്കില്ലന്നും.അദ്ദേഹം പറഞ്ഞു.
കട്ടപ്പനയുടെ വികസന മുരടിപ്പിന്റെ അഞ്ച് വർഷങ്ങളാണ് കടന്നുപോയത്. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും പടലപ്പിണക്കങ്ങളും മാത്രമാണ് ഈ കാലയളവിൽ ജനങ്ങൾ കണ്ടത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ യു.ഡി.എഫ്. സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടുന്നവെന്ന് എൽ.ഡി.എഫ്. കൗൺസിലർ കെ.പി. സുമോദ് പറഞ്ഞു. പുതിയ പദ്ധതികളൊന്നും നടപ്പാക്കാനാകാത്ത ഭരണസമിതി സമ്പൂർണ പരാജയമായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കട്ടപ്പന ഗവ. കോളജിനെ ഉയർത്തിയത് സംസ്ഥാന സർക്കാരാണ്. കൂടാതെ താലൂക്ക് ആശുപത്രിയുടെ വികസനവും കൂടുതൽ ഡോക്ടർമാരുടെ നിയമനമവുമെല്ലാം മന്ത്രിയുടെയും എം.എൽ.എയുടെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ഇടപെടലിലൂടെ ഉണ്ടായതാണ്. എം.എൽ.എയുടെ ഇടപെടലിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായത്. കട്ടപ്പനയിലെ സംസ്‌കാരിക പ്രവർത്തകരെയും വ്യാപാരികളെയും അവഗണിച്ച ഭരണസമിതിയാണ് യു.ഡി.എഫിന്റേത്. വികസനത്തിൽ കട്ടപ്പനയെ പിന്നോട്ടടിച്ച യു.ഡി.എഫിനെ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു..
നഗരസഭ അദ്ധ്യക്ഷ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്
ആകെ വോട്ടർമാർ: 32,001
സ്ത്രീകൾ: 16,382
പുരുഷൻമാർ: 15,619
വാർഡുകൾ
1വാഴവര(വനിത)
2നിർമലാസിറ്റി(ജനറൽ)
3സൊസൈറ്റി(വനിത)
4കൊങ്ങിണിപ്പടവ്(വനിത)
5വെള്ളയാംകുടി(ജനറൽ)
6വെട്ടിക്കുഴക്കവല(വനിത)
7നത്തുകല്ല്(ജനറൽ)
8കല്ലുകുന്ന്(വനിത)
9പേഴുംകവല(ജനറൽ)
10വലിയപാറ(ജനറൽ)
11കൊച്ചുതോവാള നോർത്ത്(വനിത)
12കൊച്ചുതോവാള(ജനറൽ)
13ആനകുത്തി(ജനറൽ)
14പാറക്കടവ്(ജനറൽ)
15പുളിയൻമല(വനിത)
16അമ്പലക്കവല(ജനറൽ)
17കട്ടപ്പന(വനിത)
18കുന്തളംപാറ നോർത്ത്(ജനറൽ)
19കുന്തളംപാറ സൗത്ത്(വനിത)
20പള്ളിക്കവല(വനിത)
21ഇരുപതേക്കർ(വനിത)
22അമ്പലക്കവല(വനിത)
23മേട്ടുക്കുഴി(ജനറൽ)
24വള്ളക്കടവ്(ജനറൽ)
25കടമാക്കുഴി(ജനറൽ)
26നരിയംപാറ(വനിത)
27തൊവരയാർ(വനിത)
28ഐ.ടി.ഐ. കുന്ന്(ജനറൽ)
29വലിയകണ്ടം(വനിത)
30ഗവ. കോളജ് (ജനറൽ)
31സുവർണഗിരിപട്ടികജാതി (വനിത)
32കല്യാണത്തണ്ട്(വനിത)
33മുളകരമേട്(പട്ടികജാതി)
34കൗന്തി(ജനറൽ)