കോട്ടയം: മൂന്നു ഘട്ടമായുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടമായ ഡിസംബർ 10നാണ് കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ്. ഇതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും വേഗത്തിലാക്കാൻ മുന്നണികൾ നിർബന്ധിതരായി. ഇടതു മുന്നണി വലിയ തർക്കങ്ങളില്ലാതെ സീറ്റു വിഭജനം പൂർത്തിയാക്കൽ ഘട്ടത്തിലാണ്. യു.ഡി.എഫിൽ ചർച്ച തുടരുന്നു. എൻ.ഡി.എയിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്.
ജോസ് വന്നത് ഗുണം ചെയ്യും
-വി.എൻ.വാസവൻ (സി.പി.എം ജില്ലാ സെക്രട്ടറി )
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടും. യു.ഡി.എഫിൽ ഏറ്റവും ശക്തമായ സ്വാധീനമുള്ള കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിൽ എത്തിയതോടെ യു.ഡി.എഫ് ദുർബലമായി. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകും. മാദ്ധ്യമ പ്രചാരണങ്ങൾ വോട്ടർമാരെ ബാധിക്കില്ല. ഇടതു സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറും. പ്രാദേശിക തലത്തിൽ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയായി. നേരത്തേ ജയിച്ച സീറ്റുകൾ അതതു പാർട്ടികൾക്ക് നൽകും. അതു കഴിഞ്ഞുള്ള സീറ്റുകൾ വീതം വയ്ക്കും. ജോസ് വിഭാഗം എത്തിയതോടെ മറ്റു ഘടക കക്ഷികൾ സീറ്റുകളുടെ കാര്യത്തിൽ വിട്ടു വീഴ്ചക്കു തയ്യാറാകണമെന്നറിയിച്ചിട്ടുണ്ട്.
ജോസ് പോയത് ദോഷം ചെയ്യില്ല
- ജോസി സെബാസ്റ്റ്യൻ (യു.ഡി.എഫ് ജില്ലാ കൺവീനർ)
കേരളകോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതു കൊണ്ട് ജില്ലയിൽ യു.ഡി.എഫിന് ഒരു ദോഷവും ചെയ്യില്ല. സ്വർണകള്ളക്കടത്തും ലൈഫ് മിഷനും അടക്കം ഇടതു മുന്നണിക്കെതിരായ ജനവികാരം വോട്ടായി മാറും .യു..ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും കൂടുതൽ സീറ്റ് കിട്ടും. സീറ്റ് ചർച്ച പ്രശ്നമാകില്ല. റിബൽ പ്രശ്നം ഉണ്ടാകുമെന്നു കരുതുന്നില്ല . ജില്ലാ പഞ്ചായത്ത് സീറ്റ് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി എട്ടിന് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചർച്ചയുണ്ട്. അന്ന് യു.ഡി.എഫ് നേതൃയോഗവും ചേരുന്നുണ്ട്. സീറ്റുകളുടെ കാര്യത്തിൽ അന്നു ധാരണയായേക്കും.
നിലവിലെ സീറ്റുകൾ
ഗ്രാമ പഞ്ചായത്ത്
സി.പി.എം -487
കോൺഗ്രസ് -343
കേരളകോൺഗ്രസ് -260
സി.പി.ഐ - 102
ബി.ജെ.പി -82
ബ്ലോക്ക് പഞ്ചായത്തുകൾ
കോൺഗ്രസ് -86
സി.പി.എം -74
കേരളകോൺഗ്രസ് -37
സി.പി.ഐ- 12
ബി.ജെ.പി -1
നഗരസഭ
കോൺഗ്രസ് -61
സി.പി.എം 52
കേരളകോൺഗ്രസ് -28
സി.പി.ഐ- 11
ബി.ജെ.പി 14
ജില്ലാ പഞ്ചായത്ത്
കോൺഗ്രസ് -6
കേരളകോൺഗ്രസ് എം- 4
കേരളകോൺഗ്രസ് ജോസഫ് -2
സി.പിഎം-6
സി.പി.ഐ -1
ജനപക്ഷം -1