house

അടിമാലി: ഇടമലക്കുടിയിൽ ആദിവാസികൾക്കായുള്ള ഭവന നിർമ്മാണം പാതിവഴിയിൽ നിലച്ചു.സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുമലക്കുടിയിൽ കോളനി നിവാസികളുടെ പാർപ്പിടമടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ പദ്ധതികൾ ആവിക്ഷക്കരിക്കുമ്പോഴും അവ വേണ്ട രീതിയിൽ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നില്ല എന്നതിന് നേർക്കാഴ്ച്ചയാണ് പണിതീരാത്ത വീടുകൾ. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാവർക്കും വാസയോഗ്യമായ വീടെന്ന ലക്ഷ്യത്തൊടെ നിർമ്മാണംആരംഭിച്ചിട്ടും കഴിഞ്ഞ് രണ്ട് വർഷക്കാലത്തോളമായി പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണ് ഇടമലക്കുടിയിലെ മിക്ക ആദിവാസി കുടുംബങ്ങളുടെയും ഭവനങ്ങൾ.തറകെട്ടിക്കിടക്കുന്നത്, ഭിത്തിപ്പൊക്കംവരെയായത് തുടങ്ങി വിവിധ ഘട്ടങ്ങളിലെത്തി നിലച്ച്പോയ നിരവധി വീടുകൾ കോളനികളിൽ കാണാം. ശേഷിക്കുന്ന നിർമ്മാണം നടത്തുന്നകാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകുന്നില്ല. ഇതോടെ അടച്ചുറപ്പുള്ള വീട്ടിൽ അന്തി ഉറങ്ങണമെന്ന ആഗ്രഹം നീണ്ട് പോകുകയാണെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു.കരാറുകാരൻ നിർമ്മാണ ജോലികൾ പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധിക്കുള്ള കാരണമെന്ന് കോളനി നിവാസികൾ ആരോപിക്കുന്നു. ഇതോൾ താമസിക്കുന്ന മണ്ണും കാട്ടുകമ്പുകളും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഇവരുടെ കുടിലുകൾ പലതും ചോർന്നൊലിക്കുന്നതും നിലപതിക്കാവുന്നതുമായ അവസ്ഥയിലുമാണ്.നിർമ്മാണം പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ഗോത്ര കുടുംബങ്ങൾ മുമ്പോട്ട് വയ്ക്കുന്നു.

എന്നും അവഗണന മാത്രം

എത്തിച്ചേരാൻ ഏറെ ദുർഘടമായ വഴികളുള്ള ഇടമലക്കുടിക്കാർ എക്കാലവും അവഗണനയുടെ നടുവിലാണ്. ആശുപത്രിയലെത്താൻ കിലോമീറ്ററുകൾ നടക്കണം. രോഗികളെ ചുമന്ന് കൊണ്ട്പോകുന്നതൊക്കെ ഇവിടുത്തെ പതിവ് കാഴ്ച്ചകൾ. കുട്ടികൾക്ക് പഠിക്കാനും അന്യ ദേശംതേടി പോകണം. സ്വന്തമായൊരു വീട് എന്ന പ്രതീക്ഷയും ഇപ്പോൾ പാതിവഴിയിൽ മുടങ്ങിയതോടെ നാട്ടുകാർ ഏറെ നിരാശയിലാണ്.