ചങ്ങനാശേരി: കാത്തിരിപ്പുകൾക്ക് വിരാമം, കുട്ടികളുടെ തിയേറ്റർ നാടിന് സമർപ്പിച്ചു. കുട്ടികൾ കാണേണ്ട സിനിമകൾ പ്രദർശിപ്പിക്കാനായി ചങ്ങനാശേരി നഗരസഭയുടെ കീഴിലാണ് കുട്ടികളുടെ തിയേറ്റർ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ചങ്ങനാശേരി നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് തിയേറ്റർ ഉദ്ഘാടനം ചെയ്യ്തു.വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ബോധവത്കരണത്തിനും ഉപകരിക്കുന്ന ചലച്ചിത്രങ്ങളാണ്
പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ചങ്ങനാശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിനോട് ചേർന്നാണ് കുട്ടികളുടെ തിയേറ്ററിന് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നഗരസഭയുടെ വികസനഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2015 ജൂണിൽ മുൻസിപ്പൽ ചെയർപേഴ്‌സണായിരുന്ന കൃഷ്ണകുമാരി രാജശേഖരനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
കുട്ടികളുടെ സർഗവാസനകളെ പ്രേത്സാഹിപ്പിക്കാൻ മുമ്പ് സ്‌കൂളിൽ നടത്തിയ ദൃശ്യകലാ പഠനകളരിയിലാണ് കുട്ടികളുടെ സിനിമാശാലയെന്ന ആശയം ഉരുത്തിരിയുന്നത്. സ്‌കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന പി.വി തങ്കസ്വാമിയും ചിത്രാദ്ധ്യാപകനായ രഘുശ്രീധറും ചേർന്ന് തയാറാക്കിയ പദ്ധതി നഗരസഭയ്ക്ക് സമർപ്പിച്ചു. നഗരസഭ ഇതിന് പച്ചക്കൊടി കാണിച്ചതോടെയാണ് സംസ്ഥാനത്തെ ആദ്യത്തെ കുട്ടികളുടെ തിയേറ്ററിന്റെ നിർമ്മാണം തുടങ്ങിയത്.
സവിശേഷതകൾ ഏറെ
അഭിരുചിയുള്ള കുട്ടികൾക്ക് സിനിമാ സംവിധാനം, നിർമ്മാണം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള വേദിയാക്കി കുട്ടികളുടെ തിയേറ്ററിനെ മാറ്റാനാണ് പദ്ധതി. തിയേറ്ററിനോടൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമ്യൂസിയവും ക്രമീകരിക്കും. തിയേറ്റർ കം ഓഡിറ്റോറിയം എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രോജക്ട് റൂം, 200 ഓളം പേരെ ഉൾക്കൊള്ളാവുന്ന സീറ്റിംഗ് ക്രമീകരണം, ഗ്രീൻ റൂം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മലയാളസിനിമകൾ, വിദേശ സിനിമകൾ, അഭിനേതാക്കൾ, പഴയകാല ചിത്രങ്ങളുടെ പോസ്റ്ററുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സിനിമ മേളകൾ, കുട്ടികളുടെ ചലച്ചിത്രകലോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കാനും കഴിയും.