krishi-office-

ചങ്ങനാശേരി: മാടപ്പള്ളി കൃഷി ഓഫീസിലെ യന്ത്രസാമഗ്രികൾ അടക്കമുള്ള സാധനങ്ങൾ പുതിയ കെട്ടിടത്തിലേയ്ക്ക് കൊണ്ടു പോകുന്നതിന് യൂണിയൻകാർ വൻ തുക കൂലി ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചുമട്ടുകാരായി. തെങ്ങണയിൽ പഴയ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി ഓഫീസിലെ സാധനങ്ങൾ പഞ്ചായത്ത് പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നതിനാണ് യൂണിയൻകാരായ ചുമട്ടു തൊഴിലാളികൾ 25000 രൂപ കൂലി ചോദിച്ചത്. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുള്ളവനയുടെ നേതൃത്വത്തിൽ കൃഷി ഒാഫീസറും മെമ്പർമാരും അടക്കമുള്ളവർ സാധനങ്ങൾ ചുമന്നു മാറ്റി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നിധീഷ് കോച്ചേരി, അജിത കുമാരി, ലീലാമ്മ സ്‌കറിയ, മെമ്പർമാരായ സണ്ണി എത്തക്കാട്, മിനി റെജി, സോജൻ പാവിയാനോസ്, നിഷ ബിജു, ഷിബു ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി സഹീർ, കൃഷി ഓഫീസർ ജ്യോതി, കൃഷി ഓഫീസിലെ സ്റ്റാഫ്, പഞ്ചായത്ത് ഹരിത കർമസേന തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.