
കുമരകം: സ്ത്രീകൾ നടത്തുന്ന ഫ്ലോട്ടിംഗ് ഫിഷ് മാർട്ടിന് കുമരകം കരിയിൽ തുടക്കമായി. ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന വിൽപ്പനശാല സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. കടയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി.സലിമോൻ നിർവ്വഹിച്ചു. "ധനശ്രീ പച്ച മീൻകട " എന്ന പേരിൽ ആരംഭിച്ച സംരംഭം തുടങ്ങിയത് പൊങ്ങലക്കരി സ്വദേശി വിനീതയും 18 - ൽച്ചിറയിൽ ശ്യാമയുമാണ് .
തീരമൈത്രി പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളുടെ ആശ്രിതരെ സഹായിക്കാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വുമൺ (സാഫ്) പദ്ധതി പ്രകാരം ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്വയം തൊഴിൽ ചെയ്തു വരികയായിരുന്നു ഇവർ . 2018 ഡിസംബറിൽ അട്ടിപ്പിടികയിലായിരുന്നു തുടക്കം. അന്ന് ഇരുവർക്കുമായി ലഭിച്ച ഒന്നര ലക്ഷം രൂപ മുടക്കി വിജയകരമായി വ്യാപാരം നടത്തിയതിന് പ്രോത്സാഹമായി ലഭിച്ച പലിശരഹിത വായ്പയായ ഒരു ലക്ഷം രൂപയാണ് ജലത്തിൽ സഞ്ചരിക്കുന്ന കടയുടെ മുടക്കു മുതൽ. ഒന്നര ലക്ഷം രൂപ ചെലവിൽ സ്റ്റെയിൻലെസ് സ്റ്റീലീൽ നിർമ്മിച്ച കട ജലാശയത്തിൽ പൊങ്ങി കിടക്കുന്നതിനായി 10 വലിയ പി.വി.സി വീപ്പകൾ ബന്ധിപ്പിച്ചിട്ടുണ്ട്.