കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ അന്തർസർവകലാശാല സാമൂഹികശാസ്ത്രഗവേഷണ കേന്ദ്രം കേരള സർക്കാരിന്റെ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന വെബിനാർ ഇന്ന് വൈകീട്ട് ആറിന് നടക്കും. 'നെടുമങ്ങാട് മാതൃകയും ബ്ലോക്ക് പഞ്ചായത്തുകളും: പ്രാദേശിക വികസനത്തിന്റെ പാഠങ്ങൾ' എന്ന വിഷയത്തെക്കുറിച്ച് ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലാണ് ചർച്ച. കേരളസർവകലാശാല സാമ്പത്തികശാസ്ത്രവകുപ്പിലെ ഡോ. മഞ്ജു എസ്.നായർ മുഖ്യപ്രഭാഷണം നടത്തും.
സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ചെയർമാനും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവുമായ പ്രൊഫ. കെ.എൻ. ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. ദേശീയ പുരസ്‌കാരം നേടിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, സംസ്ഥാന ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കോ ഓർഡിനേറ്റർ കെ.ബി. മദൻ മോഹൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ഉദ്യോഗസ്ഥരും വെബിനാറിൽ പങ്കെടുക്കും.
ബ്ലോക്ക് പഞ്ചായത്തുകളുടെ ശാക്തീകരണവും പുതിയ വികസന ചുവടുവയ്പുകളും വെബിനാർ ചർച്ച ചെയ്യും. പരിസ്ഥിതിസൗഹൃദവും ജനപങ്കാളിത്തവുമുള്ള വികസന സംരംഭങ്ങൾക്ക് 'നെടുമങ്ങാട് മാതൃക' എങ്ങനെ ബ്ലോക്ക് പഞ്ചായത്തുകൾക്കു പ്രയോജനപ്പെടുത്താം എന്ന കാര്യം ചർച്ചയിൽ പ്രധാന വിഷയമാണ്.