sabarimala

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കൊവിഡ് പ്രതിരോധം ഉറപ്പാക്കി ജില്ലയിലെ ഇടത്താവളങ്ങളിൽ തീർത്ഥാടകർക്കായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

മണ്ഡല കാലത്ത് ആറു സ്‌പെഷ്യൽ ട്രെയിനുകൾ മാത്രമാണുണ്ടാകുക. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വേണ്ട ക്രമീകരണങ്ങളും ടാക്‌സി കൗണ്ടറും സജ്ജമാക്കും. എരുമേലിയിലേക്ക് കെ.എസ് ആർ.ടി.സി സ്‌പെഷ്യൽ സർവീസ് ഏർപ്പെടുത്തും. ടാക്‌സി കാറുകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യാബിൻ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

കോട്ടയം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, തിരുനക്കര ക്ഷേത്ര പരിസരം, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പു വരുത്തും. മാലിന്യശേഖരണത്തിനും ശുചീകരണത്തിനും കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണം. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പൊലീസ് സേനയെ വിന്യസിക്കുകയും ഇടത്താവളങ്ങളിൽ പൊലീസ് കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്യും. എരുമേലിയിൽ റവന്യു വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും.

പൊതു ടോയ്‌ലറ്റുകളുടെയും കുളിമുറികളുടെയും ഉപയോഗത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മാർഗനിർദേശങ്ങൾ മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശിപ്പിക്കണം.

ലൈസൻസുള്ള താത്കാലിക കടകൾക്ക് മാത്രമാണ് പ്രവർത്തന അനുമതിയുള്ളത്. ഊണിന് അഞ്ചു രൂപ വീതം വർദ്ധിപ്പിച്ചത് ഒഴിച്ചാൽ ഭക്ഷണ സാധനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ നിരക്കുതന്നെയായിരിക്കും. കടകളിൽ വിലനിലവാര ബോർഡ് വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം. ഇക്കാര്യം പൊതുവിതരണ വകുപ്പ് ഉറപ്പാക്കണം. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടഫിക്കറ്റ് ഉണ്ടായിരിക്കണം.

എക്‌സൈസ്, വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘങ്ങൾ എരുമേലിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇവിടെ ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ ഷാഡോ ടീമുകളെയും വിന്യസിക്കും.

പ്രധാന റോഡുകളിൽ അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിൽ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തെ ചുമതലപ്പെടുത്തി. കണമലയിലെ ക്രാഷ് ബാരിയറിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കും. പാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാരെ 15 ദിവസത്തിലൊരിക്കൽ കൊവിഡ് ടെസ്റ്റിന് വിധേയരാക്കും.

 ചികിത്സയ്ക്ക് സംവിധാനം

തീർത്ഥാടകർക്കുള്ള ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. കോട്ടയം ജനറൽ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി, പാമ്പാടി, എരുമേലി, മുണ്ടക്കയം സർക്കാർ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കും.

റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലും പ്രധാന ഇടത്താവളങ്ങളിലും കൊവിഡ് കിയോസ്‌കുകൾ സ്ഥാപിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം.
ആന്റിജൻ പരിശോധനയ്ക്കുള്ള സൗകര്യം, ആവശ്യത്തിന് ആംബുലൻസുകൾ, പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ എന്നിവ ക്ഷേത്രങ്ങൾക്കു സമീപമുള്ള പി.എച്ച്.സികളിൽ ഉണ്ടെന്ന് ഉറപ്പാ

ക്കും.

ജൈവ സിന്ദൂരത്തിന്റെ ലഭ്യത ഉറപ്പാക്കും

എരുമേലി പേട്ടതുള്ളലിനുള്ള സാമഗ്രികൾ തീർത്ഥാടകർ സ്വന്തമായി വാങ്ങി ഉപയോഗിക്കണം. വാടകയ്ക്ക് എടുക്കുകയോ കൈമാറുകയോ ചെയ്യാൻ പാടില്ല. രാസസിന്ദൂരം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പകരമായി ജൈവ സിന്ദൂരത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കും.

മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും കൈത്തോടുകളിലും കുളിക്കടവുകളിലും മറ്റ് ജലസ്രോതസുകളിലും ക്ഷേത്രക്കുളങ്ങളിലും തീർത്ഥാടകർ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. മാലിന്യ നിർമാർജ്ജനത്തിനുള്ള ക്രമീകരണങ്ങൾ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കും.

എരുമേലിയിൽ വാഹന പാർക്കിംഗ് സൗകര്യങ്ങളും ടോയ്‌ലെറ്റുകളും സജ്ജമായിവരുന്നു. ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന പാർക്കിംഗ് ഫീസ് മാത്രമേ സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിലും ഈടാക്കാവൂ. മേഖലയിൽ ദേവസ്വം ബോർഡിന്റെയും പഞ്ചായത്തിന്റെയും കർശന പരിശോധന ഉണ്ടായിരിക്കും.

അഞ്ചു പേരിൽ കൂടരുത്

 എരുമേലി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലോ ഇടത്താവളങ്ങളിലോ തീർത്ഥാടകർക്ക് വിരി വയ്ക്കാൻ അനുവാദമില്ല.

 അഞ്ചു പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്രകൾ തുടങ്ങിയവ വാഹനത്തിലോ കാൽനടയായോ പാടില്ല.