shone-george-

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ സ്ഥാനാർത്ഥി നിർണയം മൂന്നു മുന്നണികളും വേഗത്തിലാക്കിയെങ്കിലും ജനപക്ഷമാണ് ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത് . പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ കന്നിപ്പോരാട്ടത്തിനുണ്ട്. മുണ്ടക്കയത്ത് ഒ.കെ രാജമ്മ, എരുമേലിയിൽ അനീഷ് വാഴപ്പള്ളി എന്നിവർ മത്സരിക്കും. ഭരണങ്ങാനത്തെ സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്കു മത്സരിക്കുകയാണെങ്കിലും ബി.ജെ.പി അടക്കം ഏതു മുന്നണിയുമായും സഹകരിക്കുമെന്ന് ജോർജ് പറഞ്ഞു . ആപ്പിൾ ചിഹ്നമാണ് പാർട്ടിക്ക് ലഭിച്ചത്.

വിദ്യാർത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ അഡ്വ.ഷോൺ ജോർജ് മീനച്ചിൽ അർബൻ ബാങ്ക് വൈസ് പ്രസിഡന്റാണ്. യു.ഡി.എഫ് ഭരണകാലത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടറായിരുന്നു.

 യു.ഡി.എഫ് സീറ്റ് ചർച്ച ഇന്ന്

കേരളകോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള യു.ഡി.എഫ് ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പി.ജെ.ജോസഫും പങ്കെടുക്കുന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്തിലെ സീറ്റ് തർക്കം പരിഹരിക്കാനാണ് ശ്രമം. 22 അംഗ ജില്ലാ പഞ്ചായത്തിൽ കേരളകോൺഗ്രസ് എം കഴിഞ്ഞ തവണ ജയിച്ച ആറ് സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസ് ആദ്യവട്ട ചർച്ചയിൽ ഉറപ്പു നൽകിയത്. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകളാണ് പാർട്ടി ആവശ്യപ്പെടുന്നത് . ഇന്ന് വൈകിട്ട് യു.ഡി.എഫ് ജില്ലാ കൺവെൻഷനും നടക്കുന്നുണ്ട്.

 ഇടതു മുന്നണി ധാരണയായില്ല

ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ കേരളകോൺഗ്രസ് ജോസ് വിഭാഗവുമായുള്ള ഉഭയ കക്ഷി ചർച്ച പുരോഗമിക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. എം.ടി ജോസഫ് അറിയിച്ചു . സി.പി.ഐയുമായി നേരത്തേ ചർച്ച നടന്നിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ സീറ്റ് ചർച്ച പൂർത്തിയാകും.

പുതുതായെത്തിയ ജോസ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകുന്നതിൽ അസംതൃപ്തിയിലാണ് സി.പി.ഐ. കൂടുതൽ സീറ്റ് നേടി ഇടതു മുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷിയായി ജോസ് വിഭാഗം മാറുന്നത് ഭാവിയിൽ തങ്ങൾക്ക് ദോഷം ചെയ്യുമെന്ന ഭീതിയിലാണ് സി.പി.ഐ.