babukuttan-

ചങ്ങനാശേരി: പഴയ തലമുറയ്ക്ക് പരിചിതമാണ് സർപ്പം പാട്ട് എന്നറിയപ്പെടുന്ന പുള്ളുവർ പാട്ട്. കാവുകൾ കുറവായ പുതിയ കാലത്ത് ഇതത്ര പരിചിതമല്ല. എങ്കിലും പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് പെരുന്ന നാഗവേലിൽ ബാബുക്കുട്ടൻ എന്ന 53 കാരൻ വിശ്വാസത്തിന്റെ ഈ നാഗവഴിയിലൂടെ സഞ്ചരിക്കുന്നു. പുതിയ കാലത്തിന്റെ സർപ്പദോഷം തീർക്കുന്നു. വിളക്കു വച്ച് ആരാധനയുള്ള കാവുകളിലും സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ബാബുക്കുട്ടന്റെ സർപ്പം പാട്ട് നമുക്ക് കേൾക്കാം.

കളമെഴുത്തും പാട്ടും നടത്തി സർപ്പം ദോഷം മാറ്റുന്നതിനായി ഇപ്പൊഴും ബാബുക്കുട്ടനെ വിളിക്കുന്നുണ്ട്. പെരുന്ന സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ ഞായർ, ചൊവ്വ, ഷഷ്ടി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും പാട്ട് പതിവാണ്. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ കളമെഴുത്തും പാട്ടും അവതരിപ്പിച്ചിട്ടുണ്ട്. വിളിക്കുന്നവർ നല്കുന്ന ദക്ഷിണയാണ് ബാബുക്കുട്ടന്റെ വരുമാനം. ഉഷയാണ് ഭാര്യ. മക്കൾ: ഉദയബാബു, അരുന്ധതി ദേവീ.

സർപ്പം പാട്ട്
പുള്ളുവർ നാരദവീണ, ബ്രഹ്മകുടം, വിഷ്ണു താളം എന്നീ വാദ്യങ്ങളാണ് സർപ്പംപാട്ടിൽ ഉപയോഗിക്കുന്നത്. ആദ്യം ഒരാൾ നാരദ വീണ ഉപയോഗിച്ച് മുൻപാട്ട് പാടും. രണ്ടുപിൻഗാമികൾ അതേറ്റു പാടും. നാഗങ്ങളെ പ്രീതിപ്പെടുത്തിയാൽ ഭൂമി ഫലഭുഷ്ടിയുള്ളതാകുമെന്നും ഐശ്വര്യവും സമ്പത്തും സന്തതിയും ദീർഘായുസും ലഭിക്കുമെന്നുമാണ് വിശ്വാസം.

കളമെഴുത്ത്

സർപ്പം പാട്ടിനൊപ്പം കളമെഴുത്തും നടത്തും. ആൽതറയോടും ശിഖരങ്ങളോടും കൂ
ടി അരയാൽ വൃക്ഷവും അഞ്ച് സർപ്പങ്ങളുടെ ശിരസുമാണ് സർപ്പകളത്തിൽ വരയ്ക്കുക. ഉമ്മിക്കരി, അരിപ്പൊടി, മഞ്ഞൾപൊടി, മാടോട് പൊടി, മഞ്ചാടി ഇലപ്പൊടി എന്നീ അഞ്ച് വർണ്ണങ്ങളാണ് കളം വരയ്കാൻ ഉപയോഗിക്കുന്നത്. മൂന്ന് മണിക്കൂറെടുക്കും പൂർത്തിയാക്കാൻ.