ഈരാറ്റുപേട്ട: വർഷങ്ങളായി തകർന്നുകിടക്കുന്ന വാഗമൺ-ഈരാറ്റുപേട്ട റോഡ് നവീകരണം ഉടൻ ആരംഭിക്കാൻ ഉന്നത തലയോഗത്തിൽ തീരുമാനം. കിഫ്ബിയുടെ സഹായത്തോടെ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കാൻ നേരത്തെ 66. 61 കോടിരൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, പി.സി.ജോർജ് എം.എൽ.എ,കിഫ്ബി സി.ഇ.ഒ കെ.എം എബ്രാഹം, ഇൻഫ്രാസ്ട്രച്ചർ കമ്പനി മാനേജിംഗ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വർഷങ്ങളായി റീടാറിംഗ് ജോലികൾ മുടങ്ങിക്കിടക്കുന്ന റോഡ് പൂർണ്ണമായും തകർന്നനിലയിലാണ്.
സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന കാലതാമസമാണ് റോഡ് നിർമ്മാണം നീളാൻ പ്രധാനകാരണം. നിലവിൽ ടാറിംഗ് ജോലികൾക്കുള്ള സ്ഥലം ലഭ്യമായതിനാൽ റോഡ് നിർമ്മാണം ആരംഭിക്കാനും സമാന്തരമായി സ്ഥലം ഏറ്റെടുക്കാനുമാണ് യോഗത്തിലുണ്ടായ ധാരണ. ഇതിനായി ഒരാഴ്ചയ്കം പുതുക്കിയ പദ്ധതിരേഖ തയാറാക്കുന്നതിന് കിഫ്ബിയുടെ സാങ്കേതിക വിഭാഗത്തെ ചുമതലപ്പെടുത്തി.

കുഴികൾ നിറഞ്ഞ്

കേരളത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കുള്ള പ്രധാനപാതയാണ് വാഗമൺ-ഈരാറ്റുപേട്ട റോഡ്. നിലവിൽ റോഡിൽ രൂപപ്പെട്ട കുഴികൾ വിനോദസ‌ഞ്ചാരികളെ ഉൾപ്പെടെ വലയ്ക്കുകയാണ്. കിഫ്ബിയുടെ മേൽ നോട്ടത്തിലായിരിക്കും റോഡുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നടക്കുക.