election

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 'ആരൊക്കെ എവിടെയൊക്കെ ' ചേർന്നു നിന്നു കാലുവാരിയും അകന്നു നിന്നു കൈകൊടുത്തും മത്സരിക്കുന്ന 'കളികാണാൻ ' കാത്തു നിൽക്കുകയാണ് .

പി.സി .ജോർജ് യു.ഡി.എഫിൽ ചേരാൻ ശ്രമം നടത്തിയിരുന്നു . രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് ഐ വിഭാഗം നേതാക്കൾ കൈനീട്ടിയെങ്കിലും ജോർജ് മുന്നണിയിൽ വന്നാൽ തങ്ങൾക്ക് തല വേദനയാകുമെന്ന് മുൻ കൂട്ടി കണ്ട ഉമ്മൻചാണ്ടിയും കെ.സി.ജോസഫും അടക്കം ഏ വിഭാഗം കൈ പിൻവലിച്ചു സലാം പറഞ്ഞതോടെ പി.സി.ജോർജിനെ വേണ്ടെന്നായി കോൺഗ്രസ്. ആറ് ഗ്രൂപ്പുള്ള കോൺഗ്രസിൽ ചേർന്ന് കാലുവാരലിന് നിന്ന് കൊടുക്കുന്നതിലും ഭേദം ഒറ്റക്കു മത്സരിക്കുന്നതാണെന്ന് പ്രഖ്യാപിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പിൻഗാമിയായി പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മകൻ ഷോൺ ജോർജിന്റെ പേരും ജോർജ് പ്രഖ്യാപിച്ചു. മകനെ ഇനിയും രംഗത്തിറക്കിയില്ലെങ്കിൽ നാട്ടുകാർ തന്നെ കൈവെക്കുമെന്നായിരുന്നു ഇതേ ക്കുറിച്ച് പ്രതികരണം. ഒറ്റക്കു മത്സരിക്കുകയാണെങ്കിലും ബി.ജെ.പി അടക്കം ആരോടും അയിത്തമില്ലെന്നും ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും ജോർജ് മുൻ കൂർ പ്രഖ്യാപിച്ചിട്ടുമുണ്ട്.

വർഗീയ പാർട്ടിയെന്ന നിലയിൽ അയിത്തം കൽപ്പിച്ചു നിറുത്തിയിരുന്ന വെൽഫെയർപാർട്ടിയുമായ് പ്രാദേശിക സഖ്യമാകാമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.. കഴിഞ്ഞ തവണ വെൽഫയർ പാർട്ടി പിന്തുണ എൽ.ഡി.എഫ് രഹസ്യമായി നേടിയിരുന്നു . മലബാറിലടക്കം കുറേ സീറ്റുകളും അതു വഴി ലഭിച്ചിരുന്നു . ഈ തിരഞ്ഞെടുപ്പിൽ ഇടതു ചർച്ചക്കു മുമ്പേ വെൽഫയർ പാർട്ടിയെ യു.ഡി.എഫ് അടിച്ചു മാറ്റി.

കേരളകോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്നു കൊണ്ട് സി.പി.എം സഹായത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രസിഡന്റാക്കിയ പാർട്ടിയാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്നോണമാണ് യു.ഡി.എഫ് വിട്ട് ജോസ് വിഭാഗം ഇന്ന് ഇടതു മുന്നണിയിലെത്തിയത്.

തങ്ങൾക്ക് സ്വാധീനമുള്ളിടത്ത് ആരുടെയും സഹായം വേണ്ട, സ്വാധീനമില്ലാത്തിടത്ത് ആരുമായും കൂട്ടു ചേരാം എന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മിക്ക പാർട്ടികളുടെയും നയം. ഒപ്പമുള്ള കക്ഷികളെ തോൽപ്പിച്ചാണെങ്കിലും എങ്ങനെയും പത്തു സീറ്റ് കൂടുതൽ നേടുക എന്നതാണ് ലക്ഷ്യം. അതു കൊണ്ട് തന്നെ എവിടെയൊക്കെ എന്തൊക്കെ കൂട്ടുകെട്ടായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. സീറ്റ് കിട്ടാത്തവർ സീറ്റ് തരാത്തവരെ തോൽപ്പിക്കാൻ റിബലാകാം. വിമതനാകാം. ശകുനം മുടക്കികളാകാൻ സ്വതന്ത്രനാകാം. എട്ടിന്റെ പണി കൊടുക്കാൻ അപരനാകാം. ഇതു വഴി സ്ഥാനാർത്ഥിയെ തോൽപ്പിക്കാം ,മുന്നണിയെ തോൽപ്പിക്കാം.

ഒരു വാർഡിൽ ഒരു കുടുംബക്കാർ വിചാരിച്ചാൽ ഒരു സ്ഥാനാർത്ഥിയെ തോൽപ്പിക്കാമെന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രത്യേകതയാണ് .പണം വാങ്ങി കളിക്കാം. അതല്ലെങ്കിൽ പാരിതോഷികം വാങ്ങി വോട്ടു മറിക്കാം .ജാതി ഉപജാതി കാർഡിറക്കാം . ഇനി എന്തൊക്കെ കാണേണ്ടിവരുമെന്നതിനാൽ കൂടുതൽ കാണിക്കരുതേ ദൈവമേ എന്ന് പറഞ്ഞു പോവുകയാണ് .