padman

കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ, 90) നിര്യാതനായി. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനാണ്. പ്രശസ്ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനാണ്.

ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി. മക്കൾ: ചിത്ര, ലക്ഷ്മി, ജയകൃഷ്ണൻ നായർ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കൾ: രമേഷ് കുമാർ (റിട്ട. ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ), ജഗദീഷ് ചന്ദ്രൻ (എൻജിനീയർ, കുവൈത്ത്), ധന്യ.

മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിരുന്നു. പത്രത്തിൽനിന്നു വിരമിച്ചശേഷം മനോരമ വാരികയുടെ പത്രാധിപരായി. 2001 ഡിസംബർ 31 ന് വിരമിച്ചു.

1961 ലാണ് കുട്ടികളുടെ നാടകവേദി രൂപീകരിച്ചത്. പത്മൻ എഴുതി സഹോദരൻ അടൂർ ഭാസി സംവിധാനം ചെയ്ത 'വിടരുന്ന മൊട്ടുകൾ' എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയായിരുന്നു ഉദ്ഘാടനം.

'കുഞ്ചുകുറുപ്പും പ്രഹ്ലാദനും', സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണൻ', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകൾ', 'കുഞ്ഞാടുകൾ' തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.