കട്ടപ്പന: പീഡനക്കേസ് പ്രതി ജില്ലാ ജയിലിൽ തൂങ്ങി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യ കുറിപ്പ് എഴുതാൻ ജയിലിൽ യുവാവിന് പേനയും പേപ്പറും എങ്ങിനെ ലഭിച്ചെന്ന് അന്വേഷിക്കണം. മറ്റാരെങ്കിലും എഴുതി മരിച്ചയാളുടെ ദേഹത്ത് ഒളിപ്പിച്ചതാണോയെന്നും പരിശോധിക്കണം. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ആരോപിച്ചിരുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കസ്റ്റഡി മരണം പുതുമയല്ല. നരിയമ്പാറ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നു യുവാവിനെ പിടികൂടുകയും ചെയ്തിരുന്നു. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പ്രതിയുടെ അറസ്റ്റ് വൈകിയതോടെയാണ് ബി.ജെ.പി വിഷയത്തിൽ ഇടപെട്ടത്. എന്നാൽ അറസ്റ്റിലാകുന്നതിന് മുമ്പ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഡി.വൈ.എഫ്.ഐ ഇപ്പോൾ യുവാവിനെ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചില പുകമറകൾ സൃഷ്ടിക്കാനാണ് നീക്കം. ഇരുവരുടെയും മരണത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഇരുവരുടെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്നും ബി.ജെ.പി ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ, എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ എന്നിവർ ആവശ്യപ്പെട്ടു.