കട്ടപ്പന: ഭൂവുടമകളെ പാട്ടക്കാരാക്കുന്ന നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നിയമത്തിന് മാസങ്ങളുടെ ആയുസ് മാത്രമേയുള്ളൂവെന്നും ഡീൻ കുര്യാക്കോസ് എം.പി. നിരാഹാര സമരത്തെ അനാവശ്യമായി തള്ളിപ്പറഞ്ഞ സി.പി.എം നേതാക്കൾ ജനകീയ കോടതിയിൽ മറുപടി പറയേണ്ടിവരും. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാറാകാത്ത സർക്കാരിന് ജനം മറുപടി നൽകും. ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തടസമെന്താണെന്ന് വ്യക്തമാക്കണം. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പട്ടയ വസ്തു 25 വർഷത്തേയ്ക്ക് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ ചേർന്ന് ചട്ടം 8(1) ഭേദഗതി ചെയ്തിരുന്നു. 2005 ൽ പട്ടയം നൽകാവുന്ന വസ്തുവിന്റെ വിസ്തീർണം നാലിൽ നിന്ന് ഒരേക്കറാക്കി കുറച്ച് കെ.എം. മാണിയും ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്ന് 2014 ൽ അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെ 25 വർഷത്തേയ്ക്ക് പട്ടയ വസ്തു കൈമാറ്റം ചെയ്യാനുള്ള വിലക്കും പട്ടയം നൽകാനുള്ള വിസ്തീർണം വീണ്ടും നാല് ഏക്കറാക്കി പുനഃസ്ഥാപിച്ചും ഭേദഗതി ചെയ്തത്. 1961 ലെ ഭൂപതിവ് നിയമത്തിന്റെ ഏഴാം വകുപ്പനുസരിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ നിയമസഭ ചേരണ്ടതില്ല.
എന്നാൽ സർവകക്ഷഇ യോഗത്തിലെ തീരുമാനം നടപ്പാക്കാത്തത് ഇടുക്കിയോടുള്ള അവഗണനയാണ്. ഇതിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതും. റോഷി അഗസ്റ്റിന്റെ വഞ്ചനാപരമായ നിലപാടിനും ജനം തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.