കട്ടപ്പന: തീകൊളുത്തി ആത്മഹത്യ ചെയ്ത ദളിത് പെൺകുട്ടിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരുടെ ഉൾപ്പെടെ പരാതിയിലാണ് നടപടി. കേസിൽ അറസ്റ്റിലായ നരിയംപാറ തടത്ത്കാലായിൽ മനു മനോജ് (24) മുട്ടം ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിനു പിന്നാലെയാണ് ഇരയായ പെൺകുട്ടിയുടെ അടക്കം ചിത്രം ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരണം നടന്നത്.
പോക്‌സോ നിയമത്തിലെ 23 എ, ഐ.പി.സി. 228 എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിത്രം പ്രചരിപ്പിച്ചവരെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിവരുന്നു. അതേസമയം ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മനുവിന്റെ മൃതദേഹം വൈകിട്ട് നാലോടെ നരിയംപാറയിലെ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു.