പൊൻകുന്നം : വീണ്ടും ഒരു ശബരിമല തീർത്ഥാടനം പടിവാതിൽക്കലെത്തി നിൽക്കുകയാണ്. പക്ഷെ കൊവിഡ് കാലമായതിനാൽ മുൻവർഷങ്ങളിലെപ്പോലുള്ള ഒരുക്കങ്ങളൊന്നും എങ്ങും കാണാനില്ല. ശബരിമലയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു തീർത്ഥാടനകാലം മുൻപുണ്ടായിട്ടില്ലെന്ന് പ്രായമായവർ പറയുന്നു. തീർത്ഥാടനപാതകൾ അറ്റകുറ്റപ്പണികൾ തീർത്ത് അടയാളബോർഡുകളും വിവിധ ഭാഷകളിൽ ദിശാസൂചകബോർഡുകളും സ്ഥാപിച്ച് അയ്യപ്പന്മാരെ വരവേൽക്കാനായി ഒരുങ്ങിനിൽക്കേണ്ട സമയമാണ്.

ശരണപാതകളിൽ കമാനങ്ങളും ബാനറുകളും ബോർഡുകളും നിറയേണ്ട കാലം. ഇടത്താവളങ്ങളിൽ പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും നടന്നില്ല. ക്ഷേത്രങ്ങളിൽ മണ്ഡലമഹോത്സവമില്ല, മണ്ഡലഭജനയില്ല, അയ്യപ്പന്മാർക്ക് വിരിവച്ച് വിശ്രമിക്കാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാറുള്ള ക്ഷേത്രങ്ങളിൽ ഇക്കുറി ഭക്തർക്കുള്ള ദർശനംപോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കച്ചവടക്കാർക്കും നിരാശ

ഏറ്റവും കൂടുതൽ ഭക്തരെത്തുന്നത് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെയാണ്.ഇതുവഴിയുള്ള സ്ഥിരം കടകൾകൂടാതെ നൂറുകണക്കിന് താത്കാലിക കടകളും തീർത്ഥാടനകാലത്ത് ഉയരുന്നതാണ്. കുടിവെള്ളംമുതൽ ഇരുമുടിക്കെട്ടുവരെ കടകളിൽ ലഭ്യമാണ്. കച്ചവടക്കാരുടെ വലിയ പ്രതീക്ഷയും സ്വപ്‌നവുമാണ് തീർത്ഥാടനകാലത്തെ കച്ചവടം. വ്യാപാരം കുറവാണെന്നും നഷ്ടമാണെന്നുമൊക്കെ പൊതുവെ പറയുമെങ്കിലും വൃശ്ചികം ഒന്നുമുതൽ മകരവിളക്കുവരെ രണ്ടുമാസത്തെ കച്ചവടം കഴിയുമ്പോൾ എല്ലാവർക്കും കൈ നിറയെ പണവും മനംനിറയെ സംതൃപ്തിയുമാണ് അയ്യപ്പൻ നൽകുന്നതെന്നാണ് സ്ഥിരമായി വഴിയോരക്കച്ചവടം നടത്തുന്ന സുന്ദരമണിയും ഷെരീഫും പറയുന്നത്. പൊൻകുന്നം - എരുമേലി റൂട്ടിൽ സ്ഥിരമായി കട നടത്താറുള്ള ഇരുവരും ഇക്കുറി കച്ചവടത്തിനില്ല.

ഇവർക്ക് പിടിപ്പത് പണി

കൊവിഡ്മൂലം തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും ആരോഗ്യപ്രവർത്തകർക്കും പൊലീസിനും ഉത്തരവാദിത്വവും ജോലിഭാരവും കൂടും. ഭക്തർ കെട്ടുനിറയ്ക്കുന്നത് മുതൽ ദർശനം കഴിഞ്ഞു തിരികെയെത്തുന്നതുവരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗകര്യമൊരുക്കാൻ ആരോഗ്യവകുപ്പും പൊലീസും ഒപ്പമുണ്ടാകും.