കോട്ടയം: എൻ.ഡി.എയിൽ ജില്ലാ പഞ്ചായത്തിലേയ്ക്ക് സീറ്റ് ധാരണയായി. 22 സീറ്റുകളിൽ ബി.ജെ.പി 18 ഇടങ്ങളിലും ബി.ഡി.ജെ.എസ് 4 ഇടങ്ങളിലുമാണ് മത്സരിക്കുക. എന്നാൽ, ഏക പക്ഷീയമായ തീരുമാനമാണെന്നോരോപിച്ച് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് രംഗത്തെത്തിയത് തലവേദനയായി. വൈക്കം, കുമരകം, കുറിച്ചി, എരുമേലി ഡിവിഷനുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. മറ്റു ഘടക കക്ഷികൾക്ക് ജില്ലാ പഞ്ചായത്ത് സീറ്റ് നൽകില്ല.
2014 മുതൽ കൂടെയുള്ള നാഷണലിസ്റ്റ് കേരളാ കോൺഗ്രസിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അവഗണിക്കുകയാണെന്നതാണ് പ്രധാന പരാതി. കേരളാ കോൺഗ്രസിൽ നിന്ന് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് രൂപീകരിച്ചാണ് നോബിൾ എൻ.ഡി.എയിലെത്തിയത്. നോബിളിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബി.ജെ.പിയിൽ ലയിച്ചപ്പോൾ മറുഭാഗം ഘടക കക്ഷിയായി തന്നെ നിലയുറപ്പിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ഇല്ലായിരുന്നെങ്കിലും സമത്വ മുന്നണിയുടെ പേരിലായിരുന്നു മത്സരം. ജില്ലാ പഞ്ചായത്തിലേയ്ക്ക് രണ്ട് ഡിവിഷനുകളിലാണ് മത്സരിച്ചത്. ഇപ്പോൾ നാലു സീറ്റുകൾ ലഭിച്ചത് ബി.ഡി.ജെ.എസിന് നേട്ടമാണ്. ജില്ലാ പഞ്ചായത്തിൽ പൊൻകുന്നം ഡിവിഷനിലാണ് ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ളത്. കഴിഞ്ഞ തവണ ഇവിടെ 14500 വോട്ടുകൾ ലഭിച്ചിരുന്നു.
നാഷണലിസ്റ്റ് കേരളാ കോൺഗ്രസ്
മൂന്നിടത്ത് മൽസരിക്കും
കിടങ്ങൂർ, പൊൻകുന്നം, കുറവിലങ്ങാട് ഡിവിഷനുകളിൽ മത്സരിക്കാനാണ് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗ തീരുമാനം. ബ്ളോക്ക്, പഞ്ചായത്ത് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായിരുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ എൻ.ഡി.എയിൽ ഇല്ല. ഒരു സീറ്റിൽ മത്സരിച്ച പി.സി. തോമസ് വിഭാഗവും എൻ.ഡി.എക്ക് പുറത്താണ്. ഈ സാഹചര്യത്തിൽ ഘടകക്ഷികളെ കൂടെ നിറുത്തണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.ഡി.എ ജില്ലാ കോ.കൺവീനറുമായ ബിജി മണ്ഡപം ആവശ്യപ്പെട്ടു.