പാലാ : കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും വഴിയരികിൽ മാലിന്യനിക്ഷേപം തകൃതിയായി തുടരുന്നു. പാലാ - കോഴ റോഡിൽ വള്ളിച്ചിറ വെസ്റ്റിൽ കൊല്ലിത്തടം ഭാഗത്താണ് ഉപയോഗശൂന്യമായ പഴയ കിടക്കവരെ കൊണ്ടുവന്ന് തള്ളുന്നത്. ഇത് കൂടാതെ കെട്ടുകണക്കിന് മദ്യ കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, അടുക്കള, ഹോട്ടൽ മാലിന്യങ്ങൾ കെട്ടിടം പണിക്ക് ശേഷമുള്ള പ്ലംബിംഗ്,വയറിംഗ് വേസ്റ്റുകൾ, ബ്യൂട്ടിപാർലറുകളിലെ ഉപയോഗത്തിന് ശേഷമുള്ള വസ്തുക്കൾ, തലമുടി ഉൾപ്പെടെ ഇവിടെ തള്ളുന്നുണ്ട്.

തിരക്കേറിയ റോഡാണെങ്കിലും ജനവാസം കുറവായതിനാൽ മാലിന്യം നിക്ഷേപം മാത്രമല്ല സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്. പ്രദേശത്ത് കാമറകൾ സ്ഥാപിക്കുയും പൊലീസ് പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.