money

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇക്കുറി ചെലവ് ഉയർന്നേക്കും. കൊവിഡ് മാനദണ്ഡങ്ങൾ മൂലം പ്രവർത്തകരുടെ പങ്കാളിത്തം മുതൽ തുടങ്ങുന്ന നിയന്ത്രണങ്ങളാണ് ചെലവ് വർദ്ധിപ്പിക്കുന്നത്.

പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ ചെലവ് പരിധി 25000 രൂപയാണ്. എന്നാൽ ത്രികോണ മത്സരം നടക്കുന്ന വാർഡുകളിൽ മൂന്ന് ലക്ഷം രൂപ വരെ ഉയരും. 75,000 രൂപ പരിധിയുള്ള ബ്ലോക്ക് ഡിവിഷനുകളിൽ മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ ചെലവിടേണ്ടി വരും. ജില്ലാപഞ്ചായത്ത് ഡിവിഷനിലെ പരിധി ഒന്നരലക്ഷം ആണെങ്കിലും പത്ത് മുതൽ പതിനഞ്ച് ലക്ഷം വരെയാണ് ചെലവ്. അഭ്യർത്ഥന നോട്ടിസ്, സ്ലിപ് വിതരണം, ചുമരെഴുത്ത്, ഓഫീസ് , വീടുകൾ കയറിയുള്ള പ്രചാരണം തുടങ്ങിയവയ്ക്ക് മാത്രം വാർഡ് കമ്മിറ്റികൾക്ക് ഘട്ടങ്ങളായി അഞ്ച് ലക്ഷം രൂപയോളം നൽകേണ്ടി വരും.

 ലക്ഷ്യത്തിലെത്താൻ ലക്ഷങ്ങൾ

അനൗൺസ്‌മെന്റ്, പോസ്റ്റർ തുടങ്ങിയവയാണ് ചെലവ് ഉയർത്തുന്ന മറ്റ് വിഭാഗങ്ങൾ. കഴിഞ്ഞ തവണ ജില്ലാ ഡിവിഷനിൽ മത്സരിച്ച മുന്നണി സ്ഥാനാർത്ഥിക്ക് പാർട്ടി വിഹിതം കഴിഞ്ഞ് സ്വന്തം നിലയിൽ ചെലവിടേണ്ടി വന്നത് എട്ട് ലക്ഷം രൂപയാണ്. വോട്ട് ലഭ്യമാക്കുന്നതിനുള്ള കുറുക്ക് വഴികൾക്ക് വേണ്ടി ലക്ഷങ്ങൾ വേണം. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന സ്ഥലങ്ങളിലാണ് ചെലവ് കാര്യമായി കൂടുന്നത്.

പുതുമുഖങ്ങൾ ജാഗ്രതൈ

മത്സര രംഗത്ത്, സ്ഥിരം നിൽക്കുന്നവർക്ക് ചെലവുകൾ സംബന്ധിച്ച് ബോദ്ധ്യമുണ്ടെങ്കിലും ചൂഷണത്തിന് ഇരയാകുന്നതിലേറെയും പുതുമുഖങ്ങളാണ്. വിജയപ്രഖ്യാപനം മുതൽ മുപ്പത് ദിവസത്തിനകം കണക്കുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യത വരും. പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾ ബി.ഡി.ഒയ്ക്കും, ബ്ലോക്ക് ഡിവിഷൻ, മുനിസിപ്പാലിറ്റി വാർഡ് സ്ഥാനാർത്ഥികൾ ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കും കണക്ക് നൽകണം.